Categories

ഉക്രെയ്ന്‍ മുന്‍ പ്രധാനമന്ത്രി യൂലിയയ്ക്ക് ഏഴു വര്‍ഷം തടവ്

കീവ്: ഉക്രെയ്ന്‍ മുന്‍ പ്രധാനമന്ത്രി യൂലിയ ടിമോഷെങ്കോയെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചു. 2009ല്‍ റഷ്യയുമായി അനധികൃത വാതക കരാറില്‍ ഏര്‍പ്പെട്ട് പ്രധാനമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്‌തെ കേസിലാണ് തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. വാതക കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഫ്‌തോഗ്യാസ് കമ്പനിക്കു യൂലിയ നിര്‍ദേശം നല്‍കിയത് അധികാര ദുര്‍വിനിയോഗമാണെന്നു ജഡ്ജി റോഡിയോണ്‍ കിരിയേവ് കണ്ടെത്തി.

10 വര്‍ഷത്തേക്കുള്ള വാതക കരാര്‍ യുക്രെയ്‌നു വന്‍ നഷ്ടം വരുത്തിയെന്നു ജഡ്ജി അഭിപ്രായപ്പെട്ടു. കമ്പനിക്ക് 188 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായി ജഡ്ജി റോഡിയന്‍ കൈര്‍യേവ് വ്യക്തമാക്കി.

അതേസമയം, യൂലിയയെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ച് നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണു കേസെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യൂലിയയായിരുന്നു യാനുക്കോവിച്ചിന്റെ പ്രധാന എതിരാളി. 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിലാണ് യാനുക്കോവിച്ച് പ്രസിഡന്റായിരുന്നത്.

കോടതി വിധി ജഡ്ജിയുടേതല്ലെന്നും ഇതിനുപിന്നില്‍ യാനുക്കോവിച്ചാണെന്നും വിധി തന്റെ ജീവിതത്തില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നും യൂലിയ വിധിയോട് പ്രതികരിച്ചു. വിധി കേള്‍ക്കാന്‍ കോടതി മുറിയില്‍ തടിച്ചു കൂടിയ യൂലിയയുടെ അനുയായികള്‍ യൂലിയയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു.

വിധി യൂറോപ്യന്‍ യൂണിയനും ഉക്രെയ്‌നും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. യൂലിയക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും കരുതുന്നു. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ അധിപയാണ് യൂലിയ ടിമോഷെങ്കോ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.