കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബുദ്ധദേവ് ഭട്ടാചാര്യക്കെതിരേ മുന്‍ ചീഫ് സെക്രട്ടറി മല്‍സരിച്ചേക്കുമെന്ന് സൂചന. തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റിലായിരിക്കും മുന്‍ ചീഫ് സെക്രട്ടറി മനിഷ് ഗുപ്ത മല്‍സരിക്കുക.

ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്നായിരിക്കും ഗുപ്ത ബുദ്ധദേവിനെതിരേ മല്‍സരിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സീറ്റുവിഭജന ചര്‍ച്ചകള്‍ അവസാനിച്ചശേഷം മാത്രമായിരിക്കും സീറ്റ് ലഭിക്കുമോ എന്ന കാര്യം വ്യക്തമാവുക.

Subscribe Us:

കഴിഞ്ഞദിവസം മമതാ ബാനര്‍ജിയുമായി മനീഷ് ഗുപ്ത ചര്‍ച്ച നടത്തിയിരുന്നു. തനിക്ക് അവസരം ലഭിച്ചാല്‍ മല്‍സരിക്കാന്‍ സന്നദ്ധനാണെന്ന കാര്യം ചര്‍ച്ചയില്‍ മനീഷ് ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേണല്‍ സബ്യസാചി ബാച്ചിയെ ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്നും മല്‍സരിപ്പിക്കാനും നീക്കമുണ്ട്.

1998ല്‍ ജ്യോതിബസു മന്ത്രിസഭയുടെ കാലത്താണ് മനീഷ് ഗുപ്ത ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റത്. 2001 വരെ ഗുപ്ത ആ സ്ഥാനത്ത് തുടര്‍ന്നു. 2006ല്‍ മറ്റൊരു ഐ.എ.എസ്സുകാരനായ ദീപക് ഘോഷിനെ തൃണമൂല്‍ മല്‍സരത്തിനിറക്കിയിരുന്നു. ബുദ്ധദേവിനെതിരേ മല്‍സരിച്ച ഘോഷ് 58,000 വോട്ടിന്റെ വന്‍ മാര്‍ജിനില്‍ തോറ്റിരുന്നു.