കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസ് അട്ടിമറിച്ചത് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവാണെന്ന് പുതിയ വെളിപ്പെടുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ എസ്.പി യാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ അഭിലാഷ് മോഹനുമായി നടത്തിയ സംഭാഷണത്തിലാണ് എസ്. വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

ഇതിനായി റാവു രാജ്ഭവനില്‍ വന്ന് താമസിച്ചു. കൂടതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്ന് റാവു ഭയപ്പെട്ടു. ചില കഥകള്‍ കൂടി പുറത്ത് വരുമെന്ന് ഐ.ബി അറിയിച്ചിരുന്നു. ഈ അറിയിപ്പിനെ തുടര്‍ന്നാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന റാവുവിന്റെ കേരള സന്ദര്‍ശനമെന്നും എസ്. വിജയന്‍ വെളിപ്പെടുത്തി.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെല്ലാം തന്നെ ഭാവനാസൃഷ്ടികളായിരുന്നെന്നും പുതിയ കഥകള്‍ ഉണ്ടാക്കി യഥാര്‍ത്ഥ കഥകള്‍ മാധ്യമങ്ങള്‍ അട്ടിമറിച്ചുവെന്നും വിജയന്‍ ആരോപിച്ചു. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും കേസുമായി ബന്ധപ്പെട്ട തന്റെ കണ്ടെത്തലില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അതിന് വേണ്ട തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വിജയന്‍ പറഞ്ഞു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനും പങ്കുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ മുന്‍പ്രധാനമന്ത്രി പി.വി നരസിംഹറാവുവാണെന്നും കഴിഞ്ഞ ദിവസം കെ. മുരളീധരനും പറഞ്ഞിരുന്നു.

നരസിംഹറാവു വിശ്വസിക്കാന്‍ കൊള്ളാത്ത ആളാണെന്ന് കെ.കരുണാകരന്‍ മുന്‍പ് പലതവണ പറഞ്ഞിട്ടുണ്ട്. ചാരക്കേസ് എന്താണെന്ന് മനസ്സിലായിട്ടില്ലെന്ന് ഒരിക്കല്‍പ്പറഞ്ഞ കരുണാകരനോട് റാവു ഒരാഴ്ചയ്ക്കുള്ളില്‍ രാജി ആവശ്യപ്പെടുകയായിരുന്നു.

റാവു പ്രധാനമന്ത്രി പദത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ തനിക്ക് എതിരാളികളാവുമെന്ന് തോന്നിയ നേതാക്കളെയെല്ലാം ഓരോ കള്ളക്കേസുകളില്‍ പെടുത്തുകയായിരുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ നാല് കേസുകള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ഉണ്ടായതാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഇത്തരം ഒരു കേസ് അന്വേഷിക്കേണ്ടത് സി.ബി.ഐ അല്ല. അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ വേണ്ടിയാണ് സി.ബി.ഐ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കേരളപോലീസിനെ പോലെയാണ് സി.ബി.ഐ യും. അന്തര്‍ദേശീയ ബന്ധമുള്ള ഇത്തരം ചാരക്കേസുകള്‍ അന്വേഷിക്കേണ്ടത് ഐ.ബി യോ റോ യോ ആണ്.