എഡിറ്റര്‍
എഡിറ്റര്‍
മുന്‍ മന്ത്രി എന്‍. രാമകൃഷ്ണന്‍ അന്തരിച്ചു
എഡിറ്റര്‍
Monday 1st October 2012 1:30pm

കണ്ണൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍.രാമകൃഷ്ണന്‍(76) അന്തരിച്ചു. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മംഗലാപുരം കസ്തൂര്‍ബാ ഹോസ്പിറ്റലില്‍ വൈകിട്ട് 3.30 ഓടെയായിരുന്നു അന്ത്യം.

കഴിഞ്ഞ ആഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് മംഗലാപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Ads By Google

കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍-വനം വകുപ്പ് മന്ത്രിയായിരുന്നു. 1995 ല്‍ മന്ത്രിസഭ പുനസംഘടിപ്പിക്കപ്പെട്ടപ്പോള്‍ സ്ഥാനം നഷ്ടപ്പെട്ട അദ്ദേഹത്തിന്  സീറ്റും നഷ്ടമായി. 1996 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഇടതുപിന്തുണയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു.

അടുത്തകാലം വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ബീഡിതൊഴിലാളിയായിരുന്ന രാമകൃഷ്ണന്‍ ഐ.എ.എന്‍.ടി.യു.സിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1969 ലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ശേഷം കോണ്‍ഗ്രസിന് പുതുജീവന്‍ പകരാന്‍ ഏറെ പ്രയത്‌നിച്ച നേതാവായിരുന്നു രാമകൃഷ്ണന്‍.

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന രാമകൃഷ്ണന്‍ നിലവില്‍ സേവാദളിന്റെ സംസ്ഥാന ചെയര്‍മാനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കണ്ണൂര്‍ നഗരസഭാ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കടുത്ത കെ.സുധാകരന്‍ വിരോധിയായ രാമകൃഷ്ണന്‍ 1992 ലെ ഡി.സി.സി തെരഞ്ഞെടുപ്പിലൂടെ കെ. സുധാകരന്‍ പാര്‍ട്ടി ജില്ലാ നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നതോടെ കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വപദവി ഒഴിയുകയായിരുന്നു.

കണ്ണൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ എന്നും കെ.സുധാകരനെതിരെയായിരുന്നു എന്‍.രാമകൃഷ്ണന്‍. സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസില്‍ പിടിമുറിക്കിയതോടെ രാമകൃഷ്ണന് പിന്നോട്ട് പോവുകയായിരുന്നു.

Advertisement