തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.

പൊതുവിപണിയില്‍ ഇടപെടാന്‍ മാവേലി സ്റ്റോര്‍, ഓണച്ചന്ത എന്നിവ തുടങ്ങി. കേരളത്തിന്റെ മാവേലി മന്ത്രി എന്ന വിശേഷണമുണ്ട്. അഴിമതി ആരോപണങ്ങളും വിവാദങ്ങളും നിഴല്‍ വീഴ്ത്താത്ത ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മനോരമ നായരാണ് ഭാര്യ. ഗീത, ജയചന്ദ്രന്‍ എന്നിവര്‍ മക്കളാണ്.

പത്താം നിയമസഭയില്‍ ഭക്ഷ്യം, ടൂറിസം, നിയമം എന്നീ വകുപ്പുകള്‍ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. നിരവധി തവണകളായി ഭക്ഷ്യ പൊതുവിതരണ മന്ത്രി, നിയമമന്ത്രി, ടൂറിസം മന്ത്രി എന്നീ നിലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികൂടിയാണ് ഇ ചന്ദ്രശേഖരന്‍ നായര്‍.

സി.പി.ഐ.യുടെ ദേശീയ നിര്‍വാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് കൊല്ലം ശാന്തികവാടത്തില്‍ നടക്കും.

ശ്രീമൂലം അസംബ്ലിയിലും ശ്രീചിത്രാ സ്റ്റേറ്റ് അസംബ്ലിയിലും തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്ന അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ നായര്‍ രാഷ്ട്രീയത്തിലെത്തിയത്. വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുമെത്തി.

എട്ടു വര്‍ഷം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന ഇദ്ദേഹമാണ് സഹകരണ നിക്ഷേപണ സമാഹരണ പദ്ധതി തുടങ്ങിയത്. ‘ജനയുഗം’ മാനേജിങ് എഡിറ്ററായിരുന്നു. സംസ്‌കൃതത്തിലും ഭാരതീയ ദര്‍ശനങ്ങളിലും വേദങ്ങളിലും അവഗാഹമുണ്ട്. ഭാരതീയ ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തി ഹിന്ദുമതം ഹിന്ദുത്വം എന്ന പുസ്തകം രചിച്ചു. ‘മറക്കാത്ത ഓര്‍മകള്‍’ എന്ന പേരില്‍ ഓര്‍മക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.