എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖ് അന്തരിച്ചു
എഡിറ്റര്‍
Tuesday 14th August 2012 3:47pm

ചെന്നൈ: കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പ്‌ മന്ത്രിയും മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖ് (67)അന്തരിച്ചു. ഇരുവൃക്കകളും തകരാറിലായി ചെന്നൈയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു ദേശ്മുഖ്.

Ads By Google

വൃക്കരോഗവും ലിവര്‍ സിറോസിസും കൂടിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൃക്കകള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന്  മൂന്നുദിവസമായി ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.  അവസ്ഥ വീണ്ടും വഷളായതിനെത്തുടര്‍ന്ന്  പ്രത്യേക വിമാനത്തില്‍ അദ്ദേഹത്തെ ചെന്നെയില്‍ എത്തിക്കുകയായിരുന്നു.

ആഗസ്റ്റ് ആറിനാണ് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ ദേശ്മുഖിനെ പ്രവേശിപ്പിച്ചത്. തകരാറിലായ വൃക്കകള്‍ മാറ്റിവെച്ച് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധരായവരെ ഡോക്ടര്‍മാര്‍ തിരയുന്നതായി ഇന്ന് രാവിലെ റിപ്പോര്‍ട്ട് വന്നിരുന്നു.

മസ്തിഷ്‌കാഘാതം സംഭവിച്ച ചെന്നൈയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ വൃക്ക എടുക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് വൃക്ക പുറത്തെടുക്കാന്‍ കഴിയുന്നതിന് മുമ്പ് ആ രോഗി മരിക്കുകയായിരുന്നു.

1945 ല്‍ മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ ബാഭല്‍ഗണില്‍ ജനിച്ച വിലാസ് റാവു നിയമപഠനത്തിന് ശേഷമാണ് പൊതുജീവിതം ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ വിലാസ് റാവു 1980 ലാണ് ആദ്യം നിയമസഭയിലെത്തുന്നത്. തുടര്‍ച്ചയായി മൂന്നു വര്‍ഷവും നിയമസഭയിലെത്തിയ അദ്ദേഹം മഹാരാഷ്ട്ര മന്ത്രിസഭയില്‍ 1982 മുതല്‍ 1995 വരെ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1995 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും 1999 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു.

2003 വരെ മുഖ്യമന്ത്രിയായി തുടര്‍ന്ന വിലാസ്‌റാവുവിന് പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ വിനയായി. 2003 ജനവരി 17 വിലാസ് റാവു രാജിവെക്കുകയും പകരം സുശീല്‍ കുമാര്‍ ഷിന്‍ഡെ മുഖ്യമന്ത്രിയാകുകയും ചെയ്തു.

2004 ലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച വിലാസ് റാവു വീണ്ടും മുഖ്യമന്ത്രിയായി. 2008 ലെ മുംബൈ ആക്രമണത്തെത്തുടര്‍ന്ന് വിലാസ് റാവുവിന് വീണ്ടും സ്ഥാനമൊഴിയേണ്ടി വന്നു. തുടര്‍ന്ന് രാജ്യസഭയിലെത്തിയ അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ അംഗമായി.

വെല്ലുവിളികള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവില്‍  മൂന്നുപതിറ്റാണ്ടിലേറെ സംസ്ഥാന, ദേശീയ രാഷ്ട്രീയ മണ്ഡലത്തില്‍ സ്ഥാനമുറപ്പിച്ചശേഷമാണ് വിലാസ്‌റാവു വിടവാങ്ങുന്നത്.

ഭാര്യ വൈശാലി ദേശ്മുഖ്, മക്കള്‍: റിതേഷ് ദേശ്മുഖ്(ബോളിവുഡ് നടന്‍), ധീരജ്. മരുമകള്‍: ജെനീലിയ ഡിസൂസ(ചലച്ചിത്ര നടി)

Advertisement