എഡിറ്റര്‍
എഡിറ്റര്‍
മുന്‍ ഇന്‍ഫോസിസ് ബോര്‍ഡംഗം വി.ബാലകൃഷ്ണന്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു
എഡിറ്റര്‍
Thursday 2nd January 2014 10:51am

infosys2

ബാംഗലൂരു: മുന്‍ ഇന്‍ഫോസിസ് ബോര്‍ഡംഗം വി.ബാലകൃഷ്ണന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. എന്നാല്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയിട്ടില്ല.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്ട്‌വെയര്‍ സ്ഥാപനമായ ഇന്‍ഫോസിസില്‍ നിന്ന് അപ്രതീക്ഷിതമായ പടിയിറക്കത്തിന് മൂന്നാഴ്ച്ചക്ക് ശേഷമാണ് ബാലകൃഷ്ണന്റെ രാഷട്രീയത്തിലേക്കുള്ള പ്രവേശനം.

രാജ്യത്തിലെ വിപ്ലവാത്മകരമായ രാഷട്രീയമാണ് ആംആദ്മി പാര്‍ട്ടിയുടേതെന്നും താന്‍ അതില്‍ ആകൃഷ്ടനായെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. രാഷട്രീയത്തെയും ബിസിനസിനെയും ഒരുമിച്ച് കൊണ്ടുപോകാന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്‍ഫോസിസ് ബോര്‍ഡില്‍ നിന്ന് ബാലകൃഷ്ണന്‍ രാജി വയ്ക്കുന്ന വിവരം ഡിസംബര്‍ 20നാണ് ഇന്‍ഫോസിസ് അറിയിച്ചത്. 2013 ഡിസംബര്‍ മുതലായിരിക്കും ബാലകൃഷ്ണന്റെ രാജി ഫലത്തില്‍ വരികയെന്നും ഇന്‍ഫോസിസ്  അറിയിച്ചിരുന്നു.

1991 ല്‍ ഇന്‍ഫോസിസില്‍ ചേര്‍ന്ന ബാലകൃഷ്ണന്‍ പിന്നീട് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആയി. ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കുള്ള പട്ടികയില്‍ ഒന്നാമതായിരുന്നു ബാലകൃഷ്ണന്‍.

തന്റെ സ്വകാര്യ ഓഹരി ഫണ്ടിന് സെബിയുടെ അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നാണ് ഇന്‍ഫോസിസില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ബാലകൃഷ്ണന്‍ പറഞ്ഞിരുന്നത്.

മുന്‍ ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് മോഹന്‍ദാസ് പൈ, മുന്‍ വിപ്രോ എക്‌സിക്യൂട്ടീവ് ഗിരീഷ് പരഞ്‌ജെ എന്നിവരോടൊപ്പമാണ് ബാലകൃഷ്ണന്‍ സ്വകാര്യ ഓഹരി ഫണ്ട് ആരംഭിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അതിനെക്കുറിച്ച് പറയുന്നത് വളരെ നേരത്തെയായിപ്പോകുമെന്നാണ് ബാലകൃഷ്ണന്‍ പറഞ്ഞത്. ഇന്‍ഫോസിസ് ലോഡ് സ്റ്റോണിന്റെ ചെയര്‍മാനും ഇന്‍ഫോസിസിലെ ബി.പി.ഒ ഹെഡുമായിരുന്നു ബാലകൃഷ്ണന്‍.

Advertisement