ബ്യൂണോസ് ഐറിസ്: അര്‍ജന്റീനയില്‍ 1970കളില്‍ പട്ടാള ഭരണത്തിനു ചുക്കാന്‍ പിടിച്ച സൈനിക മേധാവി ജനറല്‍ ജോര്‍ജ് വിഡേലയ്ക്കു ജീവപര്യന്തം ശിക്ഷ. ഗുരുതരമായ മനുഷ്യാവകാശ ധ്വംസനക്കുറ്റം ചുമത്തിയാണ് വിഡേലയെ ശിക്ഷിച്ചത്.

വിഡേലയുടെ ഭരണകാലത്ത് 31 തടവുകാര്‍ കൊലചെയ്യപ്പെട്ടതില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. 1976 മുതല്‍ 1983 വരെ നീണ്ട വിഡേലയുടെ നേതൃത്വത്തിലുള്ള പട്ടാളഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് അരങ്ങേറിയതെന്ന് കോടതി കണ്ടെത്തി.

ഇക്കാലയളവില്‍ 30,000ത്തോളം പേരെ സംശയകരമായ സാഹചര്യത്തില്‍ കാണാതായിട്ടുണ്ടെന്നും ഇവരില്‍ ഭൂരിപക്ഷം പേരും പിന്നീട് കൊല്ലപ്പെട്ടെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. നിരവധി പേരെ നിയമവിരുദ്ധമായി തടവിലാക്കി പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ അര്‍ജന്റീനയിലെ ഡേര്‍ട്ടി വാര്‍ സമയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും വിഡേലയ്‌ക്കെതിരെ കേസുണ്ടായിരുന്നു. ഈ കേസില്‍ വിഡേല കുറ്റക്കാരനാണെന്ന് 1998ല്‍ കോടതി കണ്ടെത്തിയിരുന്നു.