കാബൂള്‍: അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് ബര്‍ഹനുദ്ദീന്‍ റബ്ബാനി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. സ്വവസതിയില്‍ വെച്ച് താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തികൊണ്ടിരിക്കെയാണ് സ്‌ഫോടനമുണ്ടായത്.

ചാവേര്‍ ആക്രമണ്‌ത്തെതുടര്‍ന്നാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. അക്രമണം നടത്തിയത് ആരാണെന്ന് സൂചന ലഭിച്ചിട്ടില്ല.

71 കാരനായ റബ്ബാനി 1992 ലാണ് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നാല് വര്‍ഷം പ്രസിഡന്റായി സേവനമനുഷ്ഠിച്ച റബ്ബാനി 1996ല്‍ താലിബാന്‍ സേന കാബൂള്‍ പിടിച്ചതോടെയാണ് പുറത്തായത്. പിന്നീട് യുഐഎഫ്എസ്എ എന്ന പേരില്‍ സഖ്യം രൂപീകരിച്ച് പ്രതിപക്ഷ നേതൃത്വത്തിലെത്തുകയായിരുന്നു.

അഫ്ഗാനിസ്താനിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനായി രൂപീകരിച്ച സമാധാനസംഘത്തിന്റെ ചെയര്‍മാനായ റബ്ബാനിയുടെ നേതൃത്വത്തിലായിരുന്നു താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നത്. സംഘം അഫ്ഗാന്‍ സര്‍ക്കാറുമായും താലിബാന്‍ നേതാക്കളുമായും സമാധാനശ്രമങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു.

ഒരാഴ്ച മുമ്പ് ബ്രിട്ടീഷ് എംബസിക്ക് നേരെയും യു. എസ് എംബസിക്ക് നേരെയും ബോംബാക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ സംഭവവികാസവുമെന്നാണ് വിലയിരുത്തുന്നത്. റബ്ബാനിയുടെ മരണം അഫ്ഗാന്‍ സമാധാന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. അഫ്ഗാനിസ്താനില്‍ സമാധാനം പുനസ്ഥാപിക്കാനായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു.