ummenchandiതിരുവനന്തപുരം: പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുകളുമായി മുന്‍ അക്കൗണ്ട് ജനറല്‍ രംഗത്തെത്തി. ഇറക്കുമതിയുമായി ബന്ധപ്പെട്ട് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഗുരുതരമായ കൃത്യവിലോപം  കാട്ടിയെന്നാണ് അക്കൗണ്ട് ജനറല്‍ ജെയിംസ് ജോസഫിന്റെ ആരോപണം. അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫയ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കും കേസില്‍ തുല്യപങ്കാളിത്തമാണുള്ളതെന്ന് ആദ്യം പുറത്തുകൊണ്ടുവന്നത് ജെയിംസ് ജോസഫായിരുന്നു. ഇടപാടില്‍ സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായും ഇദ്ദേഹം കണ്ടെത്തിയിരുന്നു.

1991 ലാണ് കേരളത്തില്‍ ഭക്ഷ്യ എണ്ണയുടെ കുറവുകാണിച്ച് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ കേന്ദ്രത്തിന് കത്തയച്ചത്. ഇതിനെത്തുടര്‍ന്ന് പാമൊയില്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു. 91 നവംബര്‍ 27 ന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ച തൊട്ടടുത്ത ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അജന്‍ഡയിലില്ലാത്ത വിഷയം ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ അടിയന്തിര ഫയലായി കൊണ്ടുവരികയും മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. നവംബര്‍ 29 ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സിംഗപ്പൂര്‍ ആസ്ഥാനമായ പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡുമായി പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ കരാറൊപ്പിട്ടു. കരാര്‍ ഒപ്പിട്ട് 56 ദിവസം പിന്നിട്ടപ്പോഴാണ് മെട്രിക് ടണ്ണിന് 405 ഡോളര്‍ നിരക്കില്‍ പാമൊലിന്‍ കേരളത്തില്‍ ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതിയിലൂടെ സര്‍ക്കാരിനുണ്ടായ നഷ്ടം 93 ജൂലൈയിലെ അക്കൗണ്ട് ജനറല്‍ വാര്‍ഷിക പരിശോധനയിലാണ് കണ്ടെത്തിയത്. ഇടപാടിലൂടെ ഖജനാവിന് 2.32 കോടിയുടെ നഷ്ടം് ഉണ്ടായെന്നാണ് കണ്ടെത്തിയിരുന്നത്.

പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്കും അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിഞ്ഞിരുന്നു. കേസ് അട്ടിമറിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം നിലനില്‍ക്കെയാണ് മുന്‍ അക്കൗണ്ട് ജനറലായ ജെയിംസ് ജോസഫ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.