എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഫെഡറേഷന്‍ കപ്പ്: ഫോര്‍ലാന്റെ മികവില്‍ ഉറുഗ്വേക്ക് മിന്നുന്ന ജയം
എഡിറ്റര്‍
Saturday 22nd June 2013 1:14pm

diago-forlan

സാല്‍വദോര്‍: രാജ്യത്തിന് വേണ്ടി 100 മത്തെ മത്സരത്തിനിറങ്ങിയ  ദിയാഗോ ഫോര്‍ലാന്റെ ഷൂട്ടിങ് മികവില്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ നൈജീരിയക്കെതിരെ ഉറുഗ്വേക്ക് തകര്‍പ്പന്‍ ജയം.
Ads By Google

ജയത്തോടെ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ സെമിഫൈനലില്‍ ഇടം നേടാന്‍ ഉറുഗ്വേക്ക് എളുപ്പമായി.  നൈജീരിയക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഉറുഗ്വേ ജയം വരിച്ചത്.

ഗ്രൂപ്പ് ബിയില്‍ ഉറുഗ്വേയ്ക്കും നൈജീരിയക്കും ഇപ്പോള്‍ മൂന്ന് പോയിന്റുണ്ട്.  ഗ്രൂപ്പില്‍ സ്‌പെയിനാണ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നൈജീരിയ സ്‌പെയിനിനെയും, ഉറുഗ്വേ താഹിതിയെയും നേരിടും. ഈ കളിയില്‍ വിജയിക്കാനായാല്‍ ഉറുഗ്വേക്ക് സെമിയില്‍ ഇടമുറപ്പിക്കാം.

കളിയുടെ തുടക്കത്തില്‍ തന്നെ ശക്തമായ മുന്നേറ്റത്തില്‍ നൈജീരിയയെ ഞെട്ടിക്കാന്‍ ഉറുഗ്വേക്ക് സാധിച്ചു.   ക്രിസ്റ്റ്യന്‍ റോഡ്രിഗസിന്റെ തകര്‍പ്പന്‍ ഷോട്ടില്‍ നൈജീരിയന്‍ ഗോളി വിന്‍സെന്റ് എന്യാമ പകച്ചുപോയെങ്കിലും, പന്ത്  ലക്ഷ്യത്തിലെത്തിക്കാന്‍ റോഡിഗ്രസിനായില്ല.

തുടര്‍ന്നങ്ങോട്ട് നൈജീരിയയുടെ മുന്നേറ്റമാണ് കളിയിലുടനീളം കണ്ടത്. എന്നാല്‍ 19ാം മിനിട്ടില്‍ ഉറുഗ്വേ ആദ്യ ഗോള്‍ നേടി.

ഫോര്‍ലാന്‍ അടിച്ച കോര്‍ണര്‍കിക്ക് പുറങ്കാലുകൊണ്ട് ഗോളിലേക്ക് തിരിക്കാനുള്ള എഡിസണ്‍ കവാനിയുടെ ശ്രമം ആദ്യ ഘട്ടത്തില്‍
പരാജയപ്പെട്ടു.  എന്നാല്‍ പന്ത് കിട്ടിയ  ക്യാപ്റ്റന്‍ ദ്യോഗോ  ലുഗാനോ  അനായസം നൈജീരിയന്‍ വലയിലെത്തിച്ചു.

ഗോള്‍ വീണങ്കിലും നൈജീരിയല്‍ താരങ്ങള്‍ മുന്നേറ്റം തുടര്‍ന്നു. ആദ്യപകുതി തീരുന്നതിന് മുമ്പ് തന്നെ നൈജീരിയ മറുപടി നല്‍കി.   മധ്യനിരക്കാരന്‍ ജോണ്‍ മികേല്‍ ഉറുഗ്വേയുടെ മധ്യനിരയെ കബളിപ്പിച്ച് തൊടുത്ത സുന്ദരമായ ഷോട്ട് കൃത്യമായി ലക്ഷ്യത്തിലെത്തി.
ആദ്യ പകുതിക്ക് ശേഷം ഉരുഗ്വേക്ക് കളിയിലേക്ക് തിരിച്ച് വന്നു.

ഉറുഗ്വേയുടെ മുന്നേറ്റക്കാരായ സോറസും കവാനിയും ചേര്‍ന്നു നടത്തിയ നീക്കത്തില്‍നിന്നായിരുന്നു അടുത്ത ഗോള്‍ വീണത്.  ഫോര്‍ലാന്‍ മാജിക് ഒരിക്കല്‍ കൂടി കണ്ട ഗോളായിരുന്നു അത്.

വലതു വിങ്ങിലൂടെ സോറസ് തൊടുത്ത പന്ത്  കവാനിക്കു നല്‍കി. കവാനി ഫോര്‍ലാനിലേക്കു കൈമാറി. പാസ് പ്രതീക്ഷിച്ച ഫോര്‍ലാന്‍ ഇടങ്കാലുകൊണ്ട് തൊടുത്ത മനോഹരമായി ഷോട്ട് കൃത്യമായി തന്നെ നൈജീരിയന്‍ വലയിലെത്തി. ഷോട്ട് കണ്ട്  പകച്ചുനില്‍ക്കാനേ നൈജീരിയന്‍ ഗോളി എന്യാമയ്ക്കായുള്ളു.

ഈ ഗോളോടെ ഉറുഗ്വേക്കുവേണ്ടി ഏറ്റവുമധികം ഗോളടിച്ച ബഹുമതി സോറസില്‍നിന്ന് ഫോര്‍ലാന്‍ തിരിച്ചുപിടിച്ചു. രാജ്യത്തിന് വേണ്ടി 34 മത്തെ ഗോളാണ് ഇതോടെ ഫോര്‍ലാന്‍ നേടിയത്.

Advertisement