ന്യൂദല്‍ഹി: ദക്ഷിണകൊറിയന്‍ കമ്പനിയായ പോസ്‌കോയ്ക്ക് നല്‍കിയ പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്ന് കേന്ദ്രവനം -പരിസ്ഥിതി മന്ത്രാലയം ചുമതലപ്പെടുത്തിയ പാനല്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. ഒറീസയില്‍ 54,000 കോടി രൂപയുടെ സ്റ്റീല്‍പ്ലാന്റ് നിര്‍മ്മിക്കാനുള്ള അനുമതിയായിരുന്നു പോസ്‌കോയ്ക്ക് ലഭിച്ചത്.

പോസ്‌കോ കമ്പനി നിയമവിരുദ്ധമായാണ് പ്രവര്‍ത്തനാനുമതി നേടിയതെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് പ്രശ്‌നം പഠിക്കാനായി കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം ഒരു ഉപദേശക കമ്മറ്റിയെ നിയമിച്ചത്. സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് പ്രവര്‍ത്തനാനുമതി നല്‍കിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ കേന്ദ്രം നിയോഗിച്ച എന്‍ സി സക്‌സേന കമ്മറ്റി, മീണ ഗുപ്ത കമ്മറ്റി എന്നിവയും പോസ്‌കോയ്ക്ക് നല്‍കിയ പ്രവര്‍ത്തനാനുമതി പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കമ്പനി വനസംരക്ഷണ നിയമം വ്യാപകമായി ലംഘിച്ചാണ് സ്റ്റീല്‍ ഫാക്ടറി സ്ഥാപിച്ചതെന്നാണ് ആരോപണം.

അതിനിടെ ഉപദേശക സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ വനം പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കുമോ എന്നത് വ്യക്തമല്ല.