എഡിറ്റര്‍
എഡിറ്റര്‍
പി.സി ജോര്‍ജ്ജിന്റെ നോമിനിയെ ഒഴിവാക്കി; ചെറുനെല്ലി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു
എഡിറ്റര്‍
Wednesday 13th June 2012 3:34pm

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ വിവാദമായ ചെറുനെല്ലി എസ്റ്റേറ്റ് പാട്ടക്കരാര്‍ റദ്ദാക്കികൊണ്ട് സര്‍ക്കാര്‍ ഏറ്റെടുത്തു. വനസംരക്ഷണ നിയമവും പാട്ടക്കരാറും ലംഘിച്ചുകൊണ്ട് വനഭൂമി ദുരുപയോഗം ചെയ്ത തോട്ടം ഉടമകളുടെ പാട്ടക്കരാര്‍ റദ്ദാക്കി. വനഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഇന്നലെ വനംവകുപ്പ് പുറത്തിറക്കി.

വനഭൂമി ബാങ്കില്‍ പണയപ്പെടുത്തിയും മരിച്ചുപോയവരുടെ പേരില്‍ ഭൂമി വില്പന നടത്തിയും ഒട്ടേറെ കള്ളത്തരങ്ങള്‍ ചെയ്ത വ്യക്തികളുടെ കയ്യിലായിരുന്നു ചെറുനെല്ലി എസ്‌റ്റേറ്റ്. ഇവരെ ന്യായീകരിച്ചുകൊണ്ട് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് രംഗത്തുവന്നത് വിവാദമായിരുന്നു.

ചെറുനെല്ലി എസ്റ്റേറ്റിലെ തോട്ടം ഉടമകള്‍ക്ക് വേണ്ടി പി.സി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഉപസമിതിയെ വയ്ക്കുകയും വനം വകുപ്പിന്റെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ നീക്കം അട്ടിമറിക്കപ്പെടുന്നത് തെളിവുകള്‍ സഹിതം ഡൂള്‍ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. പിന്നീട് ഈ വാര്‍ത്ത മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തു. വനഭൂമി തിരിച്ചുപിടിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ ആവശ്യമുയര്‍ന്നു. ഇക്കാര്യത്തില്‍ വനം മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ ശക്തമായ പിന്തുണയും ഉറപ്പായതോടെ പാട്ടക്കരാര്‍ റദ്ദാക്കി ഭൂമി ഏറ്റെടുക്കാന്‍ വനംവകുപ്പ് ഉത്തരവിടുകയായിരുന്നു.

ചീഫ് വിപ്പിന്റെ നോമിനിയും ഈരാറ്റുപേട്ടക്കാരനുമായ നബീല്‍ എന്നയാളുടെ 90 ഏക്കര്‍ വനഭൂമി ഒഴിവാക്കികൊണ്ടാണ് ചെറുനെല്ലി എസ്റ്റേറ്റ് ഏറ്റെടുത്തിരിക്കുന്നത്. നബീലിന്റെ തോട്ടം ഏറ്റെടുക്കേണ്ടതില്ലെന്ന് നിയമവകുപ്പ് ഉപദേശം നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നെന്ന് പറഞ്ഞാണ് നബീലിനെ ഒഴിവാക്കാന്‍ നിയമവകുപ്പ് ഉപദേശിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു കേസും ഹൈക്കോടതിയില്‍ നിലവില്ലെന്നും ചീഫ് വിപ്പ് വഴി കേരളകോണ്‍ഗ്രസിന്റെ രാഷ്ട്രീയ ബന്ധങ്ങളുപയോഗിച്ചാണ് തെറ്റായ നിയമോപദേശം തരപ്പെടുത്തിയിരുന്നത് എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രഹസ്യമായി പരാതിപ്പെടുന്നു. നബീലിന്റെ തോട്ടം ഒഴിവാക്കിയതില്‍ വനംമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. വരുംദിവസങ്ങളില്‍ ഇത് മറനീക്കി പുറത്തുവരുമെന്നാണ് സൂചന.

Advertisement