കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിലെ വെള്ളൂടിയിലും സമീപപ്രദേശങ്ങളിലും നാളുകളായി ഭീതി വിതച്ച പുള്ളിപ്പുലി വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങി. വെള്ളൂടിയിലെ ശിവരാമന്റെ വീട്ടുപറമ്പില്‍ സ്ഥാപിച്ച കെണിയിലാണ് ഏഴു വയസുള്ള ആണ്‍പുലി കുടുങ്ങിയത്.

മൂന്നടി ഉയരവും ആറടി നീളവുമുള്ള പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്. ഒരു മാസം മുമ്പ് പ്രദേശത്തെ രാമകൃഷ്ണന്റെ വളര്‍ത്തുനായയെ കാണാതായതോടെയാണു ജനങ്ങളില്‍ പുലി ഭീതി പടര്‍ന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ശിവരാമന്റെ രണ്ട് ആടുകളെ പുലി ഭക്ഷണമാക്കിയിരുന്നു.

കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ ശിവരാമന്റെ വീട്ടിലേക്കുള്ള വഴിയരികില്‍ മാനന്തവാടിയില്‍ നിന്നും എത്തിച്ച കൂട് സ്ഥാപിക്കുകയായിരുന്നു. പുലിക്ക് മൂക്കിനും തലയ്ക്കും ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. പുലിയെ വയനാട്ടിലെത്തിച്ചുവെറ്റിനറി സര്‍ജന്‍മാര്‍ വിദഗ്ധ പരിശോധന നടത്തി മുത്തങ്ങ വനത്തില്‍ വിടും.