റിയാദ്: രാജ്യത്ത് പത്തു വര്‍ഷം ജോലി ചെയ്ത വിദേശ നഴ്‌സുമാരെ പിരിച്ചു വിടാന്‍ സൗദി അറേബ്യ തീരുമാനിച്ചു. ആരോഗ്യരംഗത്തെ ജോലികള്‍ പ്രാദേശികവത്കരിക്കുന്നതിന്റെ ഭാഗമായാണ് വിദേശികളെ ഒഴിവാക്കുന്നതെന്നു സൗദി ഗസറ്റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹീമോ ഡയാലിസിസ്, എമര്‍ജന്‍സി ഐസിയു മെഡിസിന്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ തല്‍കാലം ഒഴിവാക്കില്ല. വിദൂര മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെയും നിലനിര്‍ത്തും. ഇവര്‍ക്കു പകരം യോഗ്യരായ സൗദി നഴ്‌സുമാരെ ലഭിക്കുന്നതു വരെയാകും വിദേശികള്‍ക്കു തുടരാന്‍ അവസരം.

അടുത്ത മൂന്നു വര്‍ഷത്തിനിടെ ഒഴിവു വരുന്ന 300 നഴ്‌സ് തസ്തികകള്‍ നാട്ടുകാര്‍ക്കായി മാറ്റിവയ്ക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. നഴ്‌സുമാര്‍ക്കു പിന്നാലെ പാരാ മെഡിക്കല്‍, ഡോക്റ്റര്‍ തസ്തികകളിലും സൗദി പൗരന്മാരെ മാത്രം പരിഗണിച്ചാല്‍ മതിയെന്നു സര്‍ക്കാര്‍ തീരുമാനം. ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടെ 16 ലക്ഷത്തോളും ഇന്ത്യക്കാര്‍ സൗദി ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

ഒന്നരലക്ഷം ഫിലിപ്പീന്‍സ് നഴ്‌സുമാര്‍ക്കും സൗദി സര്‍ക്കാരിന്റെ തീരുമാനം തിരിച്ചടിയാകും. ഇന്ത്യയും ഫിലിപ്പീന്‍സുമുള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു നഴ്‌സുമാര്‍ ഇതോടെ തൊഴില്‍നഷ്ട ഭീതിയിലായിരിക്കുകയാണ്.