ന്യൂദല്‍ഹി: ചില്ലറ വ്യാപര മേഖലയിലും വ്യോമയാന മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതിന് പുറകെ മറ്റൊരു വിവാദ വിദേശ നിക്ഷേപ തീരുമാനത്തിന് കൂടി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.

Ads By Google

ഇനി മുതല്‍ ഇന്‍ഷുറന്‍സ് മേഖലയിലും വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനാണ് നീക്കം ആരംഭിച്ചിരിക്കുന്നത്. സാമ്പത്തിക പരിഷ്‌കാര നടപടികള്‍ മുന്നോട്ടു നീക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് അറിയുന്നത്.

നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 26 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഇത് 49 ശതമാനമായി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ.

കേന്ദ്ര മന്ത്രിസഭ വൈകാതെ ഈ നിര്‍ദേശം പരിഗണിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ മന്ത്രിസഭ അനുമതി നല്‍കിയാലും ഇതു സംബന്ധിച്ച നിയമ പരിഷ്‌കാരം സാധ്യമാകാത്ത സാഹചര്യമാണ് രാജ്യസഭയില്‍.

ഇന്‍ഷുറന്‍സ് മേഖലയില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി പി.ചിദംബരം ഐ.ആര്‍.ഡി.എ ചെയര്‍മാനുമായി ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.