എസ്.ധനജ്ഞയന്‍

വിദേശസ്ഥാപനങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങളും രൂപയുടെ മൂല്യവര്‍ധനവും കയറ്റുമതിയെ കാര്യമായി ബാധിക്കുന്നുണ്ട്. വിദേശസ്ഥാപനങ്ങള്‍ രാജ്യത്ത് നടത്തുന്ന നിക്ഷേപങ്ങള്‍ (എഫ്.ഐ.ഐ) ഡോളറുമായി താരതമ്യംചെയ്യുമ്പോള്‍ രൂപയുടെ മൂല്യവര്‍ധനവിന് കാരണമാവുന്നുണ്ട്. ഇതാണ് കയറ്റുമതിയെ ബാധിച്ചിരിക്കുന്നത്.

ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിനിമയമൂല്യം 44 ആയിട്ടുണ്ട്. രണ്ട് മാസം മുമ്പ് ഇത് 47 ആയിരുന്നു. എന്നാല്‍ രൂപയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നതാണ് ഏറെ കഷ്ടം.

ആവശ്യമാണെങ്കില്‍ മാത്രം പ്രശ്‌നത്തില്‍ ഇടപെടാമെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടിട്ടുള്ളത്. ഡ്യൂട്ടി ഡ്രോബാക്‌സ് നിരക്കില്‍ കുറവ് വരുത്തിയതും ചണത്തിന്റെ വിലയിലെ കുതിപ്പും പ്രാദേശിക കമ്പോളത്തിലെ ഇതിന്റെ ലഭ്യതക്കുറവും നിലവിലെ പ്രതിസന്ധിയെ കൂടുതല്‍ ആഴങ്ങളിലെത്തിച്ചിരിക്കുന്നു.

കയറ്റുമതി രംഗത്തെ സംരക്ഷിക്കാന്‍ കേന്ദ്രഇടപെടല്‍ വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. വിദേശസ്ഥാപന നിക്ഷേപങ്ങള്‍ നിയന്ത്രിക്കണമെന്നതാണ് കയറ്റുമതിക്കാര്‍ ആവശ്യപ്പെടുന്ന മുഖ്യആവശ്യം. അതല്ലെങ്കില്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഒരുവര്‍ഷത്തെയെങ്കിലും തടഞ്ഞുവെയ്ക്കല്‍ കാലവധി വേണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രാദേശികവിപണയില്‍ ലഭ്യത കൂട്ടാന്‍വേണ്ടി അസംസ്‌കൃത ചണത്തിന്റെ കപ്പല്‍വഴിയുള്ള കയറ്റുമതി നിരോധിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

കയറ്റുമതിക്ക് ഒരു സംരക്ഷണസംവിധാനം കൊണ്ടുവരണമെന്നും പലകോണില്‍ നിന്നും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. രൂപയ്‌ക്കെതിരേ ഡോളറിന്റെ മൂല്യം വര്‍ധിച്ചാലും തങ്ങള്‍ക്ക് പണം നഷ്ടപ്പെടാത്ത രീതിയിലായിരിക്കണം ഇത്തരം സംരക്ഷണസംവിധാനമെന്നും കയറ്റുമതിക്കാര്‍ പറയുന്നു. അതിനിടെ രൂപയുടെ മൂല്യം ഇനിയും വര്‍ധിച്ച് 43ലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരമൊരു അവസ്ഥ നേരിടാന്‍ റിസര്‍വ് ബാങ്ക് പോലും തയ്യാറെടുത്തിട്ടില്ല എന്നാണ് സൂചന. കഴിഞ്ഞതവണ ഇതുപോലുള്ള അവസ്ഥയുണ്ടായപ്പോള്‍ റിസര്‍വ്വ് ബാങ്ക് ഡോളറിന്റെ ഒഴുക്ക് നിയന്ത്രിച്ചിരുന്നു.

ഡ്യൂട്ടിയില്‍ ഇളവ് വരുത്തിയതും രണ്ടുശതമാനം പ്രത്യേക ആനുകൂല്യം നല്‍കിയതുമാണ് കയറ്റുമതിയെ കാര്യമായി ബാധിച്ചിട്ടുള്ളത്. രൂപയുടെ മൂല്യം കുതിച്ചുകയറിയതോടെ കയറ്റുമതിക്കാരുടെ എല്ലാ പ്രതീക്ഷകളും തകിടം മറിയുകയായിരുന്നു. വിലവര്‍ധിപ്പിക്കാനായി അപേക്ഷിക്കുക എന്നതാണ് ഒരുമാര്‍ഗ്ഗം. വിലവര്‍ധിപ്പിക്കാനുള്ള നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ അതും കയറ്റുമതിയെ ബാധിക്കും.

അതിനിടെ പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെടാന്‍ പല കയറ്റുമതിക്കാരും പല പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ കയറ്റുമതിക്കാര്‍ ആവിഷ്‌ക്കരിച്ച പാക്കിംഗ് ക്രെഡിറ്റ് ഇത്തരത്തിലുള്ളതാണ്. ഡോളറിനെ അടിസ്ഥാനപ്പെടുത്തിയുള്ള ക്രെഡിറ്റ് സംവിധാനമായതുകൊണ്ടുതന്നെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഇവരെ ബാധിക്കുകയില്ല.

എന്നാല്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നേക്കാമെന്നും സൂചനയുണ്ട്. നിലവില്‍ മൂല്യം 44.80 ആണ്. അതിനിടെ ഡോളറുമായുള്ള താരതമ്യത്തില്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ നല്ല ഗുണഫലമല്ല ഉണ്ടാക്കുക എന്ന് തിരുപ്പൂര്‍ കേന്ദ്രമാക്കിയുള്ള കയറ്റുമതിക്കാര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ സ്ഥിതിഗതികള്‍ കൂടുതല്‍ നിരീക്ഷിക്കണമെന്നും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം വേണമെന്നുമുള്ള നിലപാടിലാണിവര്‍.

അതിനിടെ രൂപയുടെ വിനിമയമൂല്യത്തിലുണ്ടാകുന്ന വര്‍ധന തങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് ചണ ഉത്പ്പാദകര്‍ പറയുന്നത്. വസ്ത്രങ്ങള്‍ക്കുള്ള വില 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ തിരുപ്പൂരിലെ കയറ്റുമതിക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പതുക്കെയാണെങ്കിലും ആളുകള്‍ വിലവര്‍ധനവിനോട് അനുനയപ്പെടും എന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ കോട്ടണ്‍ വില വര്‍ധിച്ചതുമൂലം ചൈന, ബംഗ്ലാദേശ്, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളും വിലവര്‍ധിപ്പിച്ചിട്ടുണ്ട്.

നിലവിലെ പ്രശ്‌നം തൊഴിലിനെ ബാധിക്കുമോ എന്നാണ് വസ്ത്രനിര്‍മ്മാണമേഖല നേരിടുന്ന പ്രധാന പ്രശ്‌നം. ഏപ്രില്‍ മുതല്‍ ഈരംഗത്തെ കയറ്റുമതി 78 ശതമാനംകണ്ട് കുറഞ്ഞിട്ടുണ്ട്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മേഖലയ്ക്ക് കടുത്ത പ്രശ്‌നത്തെയാകും അഭിമുഖീകരിക്കേണ്ടി വരിക.