എഡിറ്റര്‍
എഡിറ്റര്‍
നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം: ചൈനീസ് അധികൃതര്‍ മാപ്പു പറഞ്ഞു
എഡിറ്റര്‍
Friday 15th June 2012 8:39am

ബെയ്ജിംഗ്: ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ലെന്ന നിയമത്തിന്റെ പേരില്‍ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനു വിധേയയാക്കപ്പെട്ട യുവതിയോടു ചൈനീസ് അധികൃതര്‍ മാപ്പു പറഞ്ഞു. ഷാന്‍സി പ്രവിശ്യാ സ്വദേശിയായ ഫെങ് ജിയാമി എന്ന യുവതിയാണ് നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനു ഇരയായത്.

ഏഴു മാസം ഗര്‍ഭിണിയായിരുന്ന ജിയാമിയെ സെന്‍പിംഗ് കൗണ്ടി കുടുംബാസൂത്രണ അധികൃതര്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കുകയാരുന്നു.

ജിയാമിയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രവിശ്യാ ഭരണകൂടം അന്വേഷണത്തിനു ഉത്തരവിടുകയും പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ഗര്‍ഭസ്ഥശിശുവിന് ആറു മാസത്തില്‍ കൂടുതല്‍ വളര്‍ച്ചയെത്തിയാല്‍ ഭ്രൂണഹത്യ പാടില്ലെന്ന ചൈനീസ് നിയമം മറികടന്നായിരുന്നു ഗര്‍ഭച്ഛിദ്രം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രവിശ്യാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ചൈനീസ് അധികൃതര്‍ ജിയാമിയോടും കുടുംബത്തോടും മാപ്പു പറയുകയായിരുന്നു.

2007ല്‍ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ ജിയാമി വീണ്ടും ഗര്‍ഭിണിയായതാണ് അധികൃതരെ ഇത്തരം പ്രവര്‍ത്തിക്ക് പ്രേരിപ്പിച്ചത്. ഒരു ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് എന്നതാണ് ചൈനയിലെ നിയമം.

Advertisement