ന്യൂദല്‍ഹി: വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നാല് പോലീസ് ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഗുണ്ടാനേതാവായിരുന്ന ധാരാസിങിനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ നാല് വര്‍ഷത്തിന് ശേഷമാണ് അറസ്റ്റ്. ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവരാണ് അറസ്റ്റിലായത്.

2006 ഒക്ടോബര്‍ 23നാണ് ധാരാസിങ് കൊല്ലപ്പെട്ടത്. ഇന്‍സ്‌പെക്ടര്‍മാരായ നിസാര്‍ഖാന്‍, നരേഷ് ഷര്‍മ്മ, എ.എസ്.ഐ സുരേന്ദ്രസിങ്, എസ്.ഐ സത്യനാരായണന്‍ എന്നിവരാണ് അറസ്റ്റിലായത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. മാനസരോവര്‍ ഭാഗത്ത് വെച്ച് നടന്നതായി പോലീസ് പറയുന്ന ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്നാണ് ധാരാസിങിന്റെ ബന്ധുക്കള്‍ പറയുന്നത്.