ന്യൂദല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച യശ്വന്ത് സിന്‍ഹയെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനുമായി ബി.ജെ.പി എം.പിയും ബോളിവുഡ് താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹ.

ഒരു തവണയെങ്കിലും ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തി അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മോദി തയ്യാറാവണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

മോദി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തണം. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കണം. വരാനിരിക്കുന്ന തെരഞ്ഞടുക്കുന്നതിന് മുന്‍പായെങ്കിലും രാജ്യത്തെ മധ്യവര്‍വിഭാഗങ്ങളേയും വ്യാപാരികളേയും ചെറുകിട കച്ചവടക്കാരേയും താന്‍ സംരക്ഷിക്കുന്നുണ്ടെന്നും അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടെന്നും പറയാന്‍ അദ്ദേഹത്തിന് കഴിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സിന്‍ഹ വ്യക്തമാക്കി.


Dont Miss അധികാരത്തിലെത്താനായി മോദി മാതൃകയാക്കിയത് ഈജിപ്തിലെ മുസ്‌ലീം ബ്രദര്‍ഹുഡ് മോഡല്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി


സാമ്പത്തിക രംഗത്തെ കുറിച്ച് യശ്വന്ത് സിന്‍ഹ പറഞ്ഞ കാര്യവും ഞാന്‍ അതിനെ പിന്തുണച്ചതും പലരും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യമാണ്. കഴിഞ്ഞ രണ്ടുദിവസമായി പാര്‍ട്ടിയ്ക്കകത്ത് നിന്നുള്ളവരും പുറത്തുനിന്നുള്ളവരും ശക്തിയാര്‍ജ്ജിച്ചെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു.

ദേശീയ തലത്തില്‍ പ്രാധാന്യം ലഭിക്കുന്ന സാമ്പത്തിക വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും എത്തണമെന്നും അവര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുമെന്നും സിന്‍ഹ പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തെ സര്‍ക്കാരും യശ്വന്ത് സിന്‍ഹയും തമ്മിലുള്ള പ്രശ്‌നമായി ചുരുക്കിക്കാണരുതെന്നും വിഷയത്തെ പരിഗണന നല്‍കി മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും പാര്‍ട്ടികയ്കത്ത് നിന്നും ഇത്തരം സ്വരങ്ങള്‍ ഉയര്‍ന്നുവരുമ്പോഴുണ്ടാകുന്ന പ്രത്യാഘത്തെ കുറിച്ച് ചിന്തിക്കുകയാണ് വേണ്ടതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ആവശ്യപ്പെട്ടു.

അരുണ്‍ ജെയ്റ്റിലിക്കെതിരായ യശ്വന്ത് സിന്‍ഹയുടെ പരാമര്‍ശത്തെ തള്ളിക്കളേണ്ടതില്ലെന്നും ഇന്ത്യ കണ്ട ഏറ്റവും മികച്ച ധനമന്ത്രിമാരില്‍ ഒരാളാണ് സിന്‍ഹയെന്നും സിന്‍ഹ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.