എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യാ-ചൈന യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികം ഇന്ന്; സൈനികര്‍ക്കായി യുദ്ധസ്മാരകം
എഡിറ്റര്‍
Saturday 20th October 2012 9:15am

ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം അധികം വൈകാതെ തന്നെ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. ഇന്ത്യയുടെ എല്ലാ അതിര്‍ത്തികളും ഇപ്പോള്‍ സുരക്ഷിതമാണെന്നും ആന്റണി പറഞ്ഞു.

ഇന്ത്യാ-ചൈന യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികവേളയില്‍ അന്ന് മരിച്ച സൈനികരെ അനുസ്മരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി. 1962 ഒക്ടോബര്‍ 20നാണ് ഇന്ത്യചൈന യുദ്ധമുണ്ടായത്.

Ads By Google

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചൈന ചില ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ രാജ്യതാല്പര്യം മാനിച്ച് മാത്രമെ എന്ത് തീരുമാനവുമുണ്ടാവുകയുള്ളൂ.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്കായി ഒരു യുദ്ധസ്മാരകം നിര്‍മിക്കുമെന്ന് ആന്റണി അറിയിച്ചു. ഇതിനുള്ള നോട്ട് പ്രതിരോധമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നും അത് അധികം വൈകാതെ മന്ത്രിസഭ അംഗീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യാചൈനാ യുദ്ധം നമുക്ക് ഒരു പാഠമായിരുന്നു. ഇതില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കിയിട്ടുള്ളതെന്നും ആന്റണി പറഞ്ഞു.

ദല്‍ഹിയിലെ അമര്‍ ജവാന്‍ ജ്യോതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. രാജ്യത്തെ മൂന്ന് സൈന്യങ്ങളുടെ തലവന്‍മാരും മരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഇതിനുശേഷം രണ്ട് മിനിറ്റ് നേരം മൗനമാചരിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും എന്നാല്‍ ഈ സമയത്ത് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ആരെയും അനുവദിക്കില്ലെന്നും ആന്റണി വ്യക്തമാക്കി.

Advertisement