ദുബൈയ്: ലോകകപ്പ് മോഹങ്ങളുമായി ഇന്ത്യ ശനിയാഴ്ച യു.എ.ഇക്കെതിരെ പന്ത്തട്ടാനൊരുങ്ങുന്നു. സന്നാഹമത്‌സരത്തില്‍ കരുത്തരായ ഖത്തറിനെ തോല്‍പ്പിച്ചെത്തുന്ന ഇന്ത്യ മറ്റൊരു അട്ടിമറിക്കായി കോപ്പൊരുക്കിയാണ് ശനിയാഴ്ച ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ യു.എ.ഇക്കെതിരെ കളിക്കാനൊരുങ്ങുന്നത്.

2014 ഫിഫ ലോകകപ്പിലേക്കുള്ള യോഗ്യതയുടെ രണ്ടാം റൗണ്ടിലെ ഒന്നാംപാദ മത്സരത്തിലാണ് ഇന്ത്യയും യു.എ.ഇയും ശനിയാഴ്ച പോരാട്ടത്തിനിറങ്ങുന്നത്. അല്‍ ഐന്‍ ഷെയ്ഖ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 9.30നാണ് മത്സരം.

Subscribe Us:

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയെക്കാല്‍ ഏറെ മുന്നിലാണ് യു. എ.ഇ യുടെ സ്ഥാനം. ലോക റാങ്കിങ്ങില്‍ 110ാം സ്ഥാനത്താണ് യുഎഇ. ഇന്ത്യ 147-ാംമതാണ്. 2010 നവംബറില്‍ ഇരൂരാജ്യങ്ങളും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ആതിഥേയര്‍ 5-0ത്തിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.

പുതിയ കോച്ച് അര്‍മാന്‍ഡോ കൊളാസോക്കു കീഴില്‍ പുത്തന്‍ ഉണര്‍വ്വോടെയാണ് ഇന്ത്യന്‍ യുവനിര കളിക്കുന്നത്. യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഖത്തറിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യ 2-1ന് – ജയിച്ചിരുന്നു. മാലിദ്വീപിനെതിരായ മത്സരത്തില്‍ സമനിലയും പിടിച്ചു. ഇതെല്ലാം പകര്‍ന്നു നല്‍കുന്ന ആത്മവിശ്വാസവുമായാവും ഇന്ത്യ വിജയം തേടി ഇന്നിറങ്ങുക.