Categories

ദൈവത്തിന് അമ്പതാം പിറന്നാള്‍

നിങ്ങള്‍ക്കയാളെ വെറുക്കാം, അല്ലെങ്കില്‍ സ്‌നേഹിക്കാം. ചതിയനെന്നോ ചാമ്പ്യനെന്നോ വിളിക്കാം. എന്നാല്‍ മറഡോണ ലോക ഫൂട്‌ബോളിന് സമ്മാനിച്ച വര്‍ണപ്പൊലിമ നിഷേധിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും കഴിയില്ല. ഈ അന്‍പതിന്റെ നിറവിലും ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ മറഡോണ നിറഞ്ഞുനില്‍ക്കുന്നത് ഇതുകൊണ്ടാണ്.

കാല്പന്തുകളിയില്‍ മയാലോകം ലോകജനതയ്ക്കു കാട്ടിക്കൊടുക്കാന്‍ മറഡോണയെ ദൈവം ഭൂമിയിലേക്കയച്ചു. ഉയര്‍ച്ച താഴ്ചകള്‍ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും മറഡോണ ഒരു പരാജയമായിരുന്നെന്ന് ദൈവത്തിന് ഒരിക്കലും തോന്നിയിട്ടുണ്ടാവില്ല. അതുപോലെ ലോക ജനതയ്ക്കും.ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ വശ്യത ലോകത്തിന് കാട്ടിക്കൊടുത്തത് മഹാനായ ഈ മിഡ് ഫീല്‍ഡറാണ്.

അര്‍ജന്റീനയിലെ ബ്യൂനസ് ഐറസിന്റെ പ്രാന്തപ്രദേശത്ത് 1960 ഒക്ടോബര്‍ 30ന് ആയിരുന്നു മറഡോണയുടെ ജനനം. കളത്തിനു പുറത്തുവരുന്ന ബോള്‍ എടുത്ത് കൊടുക്കുന്ന ബൊള്‍ ബോയ് കാല്‍പന്തുകളിയുടെ മാന്ത്രികവേലകള്‍ കാട്ടിത്തുടങ്ങിയത് പത്താം വയസ്സുമുതലാണ്. പിന്നീടങ്ങോട്ട് മറഡോണയുടെ കാലുകള്‍ ചലിച്ചത് അര്‍ജന്റീനയെന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തെ ലോകമനസ്സുകളിലേക്ക് ഒരു മിന്നല്‍ പോലെ കടത്തിവിടാനാണ്.

1976 ഒക്ടോബറില്‍ പതിനഞ്ചിന്റെ കരുത്തില്‍ അര്‍ജന്റീനാ ജൂനിയേഴ്‌സിനു വേണ്ടി മറഡോണ ആദ്യമായി ഗ്രൗണ്ടിലിറങ്ങി. ഇതുവരെ 692 മത്സരങ്ങളില്‍ പങ്കെടുത്തു. 351ഗോളുകളാണ് ഈ കുറിയ മനുഷ്യന്റെ കാലിലൂടെ പിറന്നത്. 1977 ല്‍ ഫെബ്രുവരി 27ന് ഹംഗറിക്കെതിരെയായിരുന്നു മറഡോണ ആദ്യമായി അര്‍ജന്റീനയുടെ ദേശീയ ടീമില്‍ കളിച്ചത്.

നാല് ലോകകപ്പുകള്‍ മറഡോണയുടെ കാലിലൂടെ കടന്നുപോയതില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ മറക്കാനാവത്തത് 1986ല്‍ അര്‍ജന്റീന ജേതാക്കളായ ലോകകപ്പാണ്. ആ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടുഗോള്‍ നേടിയ മറഡോണയുടെ രണ്ടാത്തെ ഗോള്‍ ചരിത്രത്തിലെ മികച്ച ഗോളായാണ് കരുതുന്നത്. എന്നാല്‍ മറഡോണയുടെ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈയ്യൊപ്പായാണ് ലോകം വിധിയെഴുതിയത്. മറഡോണയോട് ദൈവത്തിനുള്ള താല്‍പര്യവും ഈ ഗോള്‍ കാട്ടിക്കൊടുത്തു.

മറഡോണ വളര്‍രുന്നതിനനുസരിച്ച് വിവാദങ്ങളും മറഡോണയോടൊപ്പം എന്നും ഉണ്ടായിരുന്നു. ഫുട്‌ബോള്‍ രാജാവ് പെലെയും മറഡോണയ തമ്മിലുണ്ടായിരുന്ന ശീതസമരങ്ങള്‍ മാധ്യമങ്ങള്‍ക്കെന്നും വിരുന്നായിരുന്നു. ലഹരിയും ഉത്തേജകവും കാര്‍ന്നുതിന്ന മറഡോണയുടെ ശരീരം മരണത്തോടും ജീവിതത്തോടും മല്ലിട്ട് പാഴാക്കിയത് വര്‍ഷങ്ങളാണ്.കൊക്കൈന്‍ ഉപയോഗം സമ്മാനിച്ച ഹൃദ്രോഗം മറഡോണയെ ഗുരുതരാവസ്ഥയില്‍ ബ്യൂണസ് അയേഴ്‌സിലെ ആശുപത്രിയിലാക്കി.

അവിടെനിന്നും മറഡോണയുടെ ഉയര്‍ത്തെഴുന്നേല്പ് പരിശീലകന്റെ വേഷത്തിലായിരുന്നു. 2008 നവംബറില്‍ ദേശീയ ടീമിന്റെ കോച്ചായി നിയമിക്കപ്പെട്ടു. തിരിച്ചടികള്‍ നേരിടുകയായിരുന്ന അര്‍ജന്റീനയക്ക് ലോകകപ്പില്‍ ഇടം നേടാന്‍ കഴിഞ്ഞത് മറഡോണയിലൂടെയാണ്. എന്നാല്‍ ഒരിക്കല്‍ കൂടി ലോകകപ്പില്‍ മുത്തമിടാന്‍ മറഡോണയുടെ കുട്ടികള്‍ക്കായില്ല. അതോടെ മറഡോണ പരിശീലകസ്ഥാനം ഒഴിഞ്ഞു
തനിക്കെതിരെ വരുന്ന പന്തുകളോട് പെരുമാറും പോലെയാണ് മറഡോണ വിവാദങ്ങളോടും പ്രതികരിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.