എഡിറ്റര്‍
എഡിറ്റര്‍
ഫുട്ബാള്‍ എന്നാല്‍ രാജ്യങ്ങളുടെ കളിയാണ്; ക്ലബ്ബുകളുടേതല്ല
എഡിറ്റര്‍
Wednesday 2nd July 2014 3:44pm

ഏതൊരു കായികതാരവും തികവിലെത്തുന്നത് തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം നടത്തുമ്പോഴാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നീണ്ട ഒരു ക്ലബ് ഫുട്‌ബോള്‍ സീസണിന്റെ ഒടുവില്‍ ലോകകപ്പ് വരുമ്പോള്‍ റൊണാള്‍ഡോയെപ്പോലുള്ളവരുടെ ഇന്ധനം തീര്‍ന്നുപോയിരിക്കുന്നു. ലോകഫുട്‌ബോളര്‍ എന്ന പദവി ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് ‘റയല്‍ മാഡ്രിഡ്’ താരമായ റോണോയ്ക്ക് സംഭവിച്ചത്.


11

black-lineഅനൂപ്. എം.ആര്‍ black-line anoop-mrകായികരംഗം ദേശീയതയുമായി അഭേദ്യമായി ബന്ധം പുലര്‍ത്തുന്നതാണ്. ലോകകപ്പ് ഫുട്‌ബോള്‍ ആളുകളിലുണ്ടാക്കുന്ന ഊര്‍ജ്ജപ്രവാഹത്തെ തൊട്ടറിഞ്ഞുകൊണ്ടാണ് ഓരോ ഫുട്‌ബോള്‍ പ്രേമിയും ജന്മമെടുക്കുന്നത്.

ലോകം മുഴുവന്‍ ലോകകപ്പ് ആഘോഷിക്കുന്നത് അത് രാജ്യങ്ങള്‍ തമ്മിലേറ്റുമുട്ടുന്ന മഹത്തായ ഒരു ടൂര്‍ണ്ണമെന്റായതിനാലാണ്. ഒരുപക്ഷേ പല ദേശീയ ടീമുകളെക്കാളും കെട്ടുറപ്പുള്ള ടീമുകളാവാം ലോകോത്തര ക്ലബ്ബ് ടൂര്‍ണ്ണമെന്റുകളില്‍ ബൂട്ടുകെട്ടുന്നത്; പക്ഷേ രാജ്യങ്ങള്‍ തമ്മിലുള്ള കളികള്‍ ലോകം മുഴുവന്‍ ഉറങ്ങാതിരുന്നും കൂട്ടുകാര്‍ ഒന്നിച്ചുകൂടിയും കണ്ടുകൊണ്ടിരിക്കുന്നു.

ഇത്രമാത്രം കാണികളെ ഹരംകൊള്ളിക്കുന്ന ലോകഫുട്‌ബോളില്‍ മതിയായ അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളില്ലാത്തത് ഒരു സാധാരണ ഫുട്‌ബോള്‍ പ്രേമി എന്ന നിലയ്ക്ക് എനിക്ക് ഉത്തരം കണ്ടെത്താനാവാത്ത ഒരു ചോദ്യമാണ്.

ലോകകപ്പ് കഴിഞ്ഞാല്‍ യൂറോകപ്പ് മാത്രമാണ് പേരിനെങ്കിലും ലോകജനതയെ ആകര്‍ഷിക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്. ലോകകപ്പ് സമയത്ത് മാത്രമാണ് അര്‍ജന്റീന, ബ്രസീല്‍ മുതലായ ടീമുകള്‍ക്കുവേണ്ടി പോസ്റ്ററുകള്‍ ഉയരാറുള്ളൂ. കോപ്പ അമേരിക്കയില്‍ ഇതേ ടീമുകള്‍ മാറ്റുരച്ചാലും ലോകകപ്പിലേതുപോലെ പൊതുജനം ശ്രദ്ധിക്കുന്നില്ല എന്നത് ദുരൂഹമായാ സമസ്യയാണ്.

ഒളിമ്പിക്‌സ്, ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്, ഏഷ്യാ കപ്പ് മുതലായ പലതും അപ്രധാനമായി കടന്നുപോകുന്നു. കോപ്പ അമേരിക്ക, ഓളിമ്പിക്‌സ് പോലുള്ള മത്സരങ്ങള്‍ക്ക് രണ്ടാം കിട ടീമിനെപ്പോലും അപൂര്‍വ്വമായാണ് കളത്തിലിറക്കാറുള്ളത്. ഫിഫയുടെ ഫുട്‌ബോളിനെ സംബന്ധിച്ച കാഴ്ചപ്പാടില്‍ കാര്യമായ മാറ്റമുണ്ടാകേണ്ടതുണ്ട്.

യൂറോപ്പിന്റെ കുത്തകയാണ് ഫുട്‌ബോള്‍ എന്ന് ക്ലബ് ഫുട്‌ബോള്‍ പ്രേമികള്‍ ഓരോരുത്തരും നിശ്ശബ്ദം സമ്മതിക്കുന്നുണ്ട് എന്നിരിക്കെ ഫിഫയ്ക്കും കാര്യങ്ങള്‍ ശ്രമിച്ചാല്‍പോലും എളുപ്പമല്ല. മറഡോണയും പെലെയും പുഷ്‌കാസും അങ്ങനെ അനേകശതം കളിക്കാര്‍ ഓര്‍മ്മിക്കപ്പെടുന്നതും ആരാധിക്കപ്പെടുന്നതും അവര്‍ തന്റെ രാജ്യത്തെ നേട്ടങ്ങളുടെ കൊടുമുടികളിലെത്തിച്ചു എന്നതിനാലാണ്.

ബ്യൂണസ് അയേഴ്‌സിന്റെ കളിക്കാരനായ മറഡോണ എന്നോ സാന്റോസിന്റെ കളിക്കാരനായ പെലെ എന്നോ കഴിഞ്ഞ തലമുറകള്‍ വ്യാഖ്യാനിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഫുട്‌ബോള്‍ കളിക്കാര്‍ സ്വകാര്യ ക്ലബ്ബുകളുടെ കൂലിപ്പണിക്കാര്‍ മാത്രമാണെന്നാണ് കളിവിവരണങ്ങള്‍പോലും അവകാശപ്പെടുന്നത്. ബാഴ്‌സലോണയുടെ മെസ്സി അര്‍ജന്റീനയ്ക്കുവേണ്ടി കളിക്കുന്നു എന്നാണ് മുതലാളി അവകാശപ്പെടുന്നത്.

വാസ്തവമെന്താണ്? അര്‍ജന്റീനക്കാരനായ മെസ്സി ബാഴ്‌സലോണയ്ക്കുവേണ്ടി കളിക്കുന്നു എന്നതല്ലേ. ഗാര്‍ഡിയോള എന്ന അര്‍ജന്റീനന്‍ കോച്ച് 2008 ഒളിമ്പിക്‌സിന് മെസ്സി ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് സാധിക്കില്ല എന്ന് ബാഴ്‌സലോണ മറുപടി നല്‍കി. അവസാനം മുഖം രക്ഷിക്കാനാണ് ‘എന്നാല്‍ എവിടെയെങ്കിലും പോയി തുലയ്’ എന്ന ഭാവത്തില്‍ രാജ്യത്തിന് ആ രാജ്യത്തെ കളിക്കാരനെ ഒരു ക്ലബ്ബ് വിട്ടുകൊടുത്തത്.

തികച്ചും ദേശീയമായ ഒരു കളിയെ സ്വകാര്യവിളയാക്കിമാറ്റുകയാണ് ലോകത്തെവിടെയും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഫുട്‌ബോളെന്നല്ല ഒരു കളിയും ഇതില്‍നിന്ന് വ്യത്യസ്തമല്ല.

ഏതൊരു കായികതാരവും തികവിലെത്തുന്നത് തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം നടത്തുമ്പോഴാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നീണ്ട ഒരു ക്ലബ് ഫുട്‌ബോള്‍ സീസണിന്റെ ഒടുവില്‍ ലോകകപ്പ് വരുമ്പോള്‍ റൊണാള്‍ഡോയെപ്പോലുള്ളവരുടെ ഇന്ധനം തീര്‍ന്നുപോയിരിക്കുന്നു. ലോകഫുട്‌ബോളര്‍ എന്ന പദവി ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് ‘റയല്‍ മാഡ്രിഡ്’ താരമായ റോണോയ്ക്ക് സംഭവിച്ചത്.

എണ്ണംപറഞ്ഞ പല കളിക്കാര്‍ക്കും ലോകകപ്പുകള്‍ വാട്ടര്‍ലൂകളാകുന്നത് കഴിഞ്ഞ എത്രയോ തവണ കണ്ടുകഴിഞ്ഞതാണ്. വ്യക്തിഗത ടൂര്‍ണ്ണമെന്റുകളില്‍ തികഞ്ഞ പരാജയമായിരുന്ന ലിയാണ്ടര്‍ പേസ് ഇന്ത്യയ്ക്കുവേണ്ടി മഹത്തായ എത്രയോ പോരാട്ടങ്ങള്‍ നടത്തിയിരിക്കുന്നു. രാജ്യമെന്ന വികാരം ക്ലബ്ബ് എന്ന സ്ഥാപനത്തെ മറികടക്കാതെ പല അന്താരാഷ്ട്ര താരങ്ങള്‍ക്കും മികച്ച കളിക്കാര്‍ എന്ന പദവിയിലേയ്ക്ക് എത്താനാകില്ല.

20 വര്‍ഷംകൊണ്ട് ലോതര്‍ മാത്തേവൂസ് എന്ന ജര്‍മ്മന്‍ ഇതിഹാസം കളിച്ചത് വെറും 150 അന്താരാഷ്ട്ര മത്സരങ്ങളാണ്. അതില്‍ പലതും സന്നാഹ മത്സരങ്ങളും സൌഹൃദമത്സരങ്ങളുമായിരുന്നു. ഫിഫ ആദ്യം ചെയ്യേണ്ടത് ക്ലബ് ഫുട്‌ബോള്‍ കലണ്ടര്‍ ഒന്ന് വെട്ടിയൊതുക്കുകയാണ്. അതില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് കൂടുതല്‍ ഇടം നല്‍കണം.

പ്രമുഖ ടീമുകള്‍ക്ക് ക്രിക്കറ്റ്/ഹോക്കി മാതൃകയില്‍ പരമ്പരകള്‍ നടത്താവുന്നതാണ്. മതിയായ വരുമാനം കളിക്കാര്‍ക്ക് രാജ്യങ്ങള്‍ക്കുവേണ്ടി കളിച്ചാല്‍ ലഭിക്കുമെങ്കില്‍ പലരും അവരുടെ പ്രവാസ ക്ലബ് ജീവിതത്തിന് വിരാമമിടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്തരം ഒരു സാഹചര്യമുണ്ടായാല്‍ ക്ലബ്ബുകള്‍ പലതും അടച്ചുപൂട്ടേണ്ടിവരും എന്ന തിരിച്ചറിവ് കോര്‍പ്പറേറ്റുകള്‍ക്കുണ്ട്. സ്വതന്ത്രമായ നിലപാട് ഫിഫയ്ക്കുമില്ല എന്നത് ഖേദകരമാണ്.

Advertisement