വാഴ്‌സ: യൂറോ കപ്പ് മത്സരത്തിനിടെ മാധ്യമപ്രവര്‍ത്തകനോട് മോശമായി പെരുമാറിയതിന് ഫ്രഞ്ച് താരം സമീര്‍ നസ്രിയ്‌ക്കെതിരെ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തി. നസ്രിയുടെ ഇത്തരം സ്വഭാവം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും കളിക്കാര്‍ കുറച്ചുകൂടി മാന്യമായി പെരുമാറണമെന്നും ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നോയല്‍ ഡി ഗ്രാന്റ് അഭിപ്രായപ്പെട്ടു.

ഇത്തരം സ്വഭാവം നസ്രിക്ക് പ്രയാസങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മോശം പ്രതിച്ഛായ സൃഷ്ടിക്കാനേ ഇതിലൂടെ കഴിയൂ . മാധ്യമങ്ങളുമായി ഉരസലുണ്ടാക്കുന്നതാണ് നസ്രിയുടെ നിലപാടെന്ന് പരിശീലകന്‍ ലോറന്റ് ബ്ലാങ്ക് വിലയിരുത്തി.

സ്‌പെയിനിനെതിരായ തോല്‍വിയില്‍ നിരാശനായാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകനെതിരെ തട്ടിക്കയറിയത്. കളിക്കുശേഷം തോല്‍വിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് സഭ്യമല്ലാത്ത രീതിയില്‍ നസ്രി സംസാരിച്ചത്. ഇത് പിന്നീട് വിവാദമായിരുന്നു.

ക്വാര്‍ട്ടര്‍ഫൈനലിന് മുമ്പുതന്നെ പരിശീലകനും നസ്രിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സ്‌പെയിനിനെതിരായ മത്സരത്തില്‍ പകരക്കാരനായാണ് മാഞ്ചസ്റ്റര്‍സിറ്റി താരത്തെ കളത്തിലിറക്കിയത്. മാധ്യമ പ്രവര്‍ത്തകന് നേരേയുള്ള മോശം പെരുമാറ്റം കൂടിയായപ്പോള്‍ ടീമിലെ സ്ഥാനത്തിനുതന്നെ ഭീഷണി ഉയര്‍ന്നിട്ടുണ്ട്.

കളിക്കാര്‍ പരാമവധി അച്ചടക്കം പാലിക്കണമെന്നും കളിക്കളത്തിലായാലും പുറത്തായാലും സഭ്യമായ രീതിയില്‍ പെരുമാറണമെന്നും പരിശീലകന്‍ ബ്ലാങ്ക് പറഞ്ഞു.