ന്യൂദല്‍ഹി: പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വില കുറയുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി ശരത് പവാര്‍. സര്‍ക്കാര്‍ കൈക്കുള്ളന്ന നടപിടകളുടെ ഫലമായി എട്ട്-പത്ത് ദിവസത്തിനുള്ളില്‍ വില കുറഞ്ഞ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റം തടയാന്‍ പത്തു പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. വിലനിയന്ത്രണം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയതായി ശരത്പവാര്‍ അറിയിച്ചു. ഒരു വര്‍ഷത്തേക്കാണിത്. പയറുവര്‍ഗങ്ങളുടെ ഇറക്കുമതി കൂട്ടാനും തീരുമാനമായിട്ടുണ്ട്. വിലക്കയറ്റം തടയുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കും.

ഭക്ഷ്യ എണ്ണക്കുള്ള സബ്‌സിഡി ഒക്‌ടോബര്‍ വരെ തുടരും. വിലക്കയറ്റം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഈ മാസം 27ന് സംസ്ഥാന
മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച അരിയും ഗോതമ്പും ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കി.

സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ അരിയും ഗോതമ്പും അനുവദിക്കും. ബി പി എല്‍ പരിധിയില്‍ ഉള്ളവര്‍ക്ക് കൂടുതല്‍ അരിയും ഗോതമ്പും നല്‍കും. രണ്ടുമാസത്തിനകം 30 ലക്ഷം ടണ്‍ അരിയും ഗോതമ്പും സംസ്ഥാനങ്ങളിലെത്തിക്കും. രണ്ടു ലക്ഷം ടണ്‍ ഗോതമ്പും ഒരു ലക്ഷം ടണ്‍ അരിയും റേഷന്‍ കടകള്‍ വഴിയും അഞ്ചു ലക്ഷം ടണ്‍ ഗോതമ്പും രണ്ടു ലക്ഷം ടണ്‍ അരിയും നാഫെഡ് വഴിയും വിതരണം ചെയ്യുമെന്നും പവാര്‍ അറിയിച്ചു.