തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. ഇന്നലെ രാത്രി ഹോട്ടല്‍ ഭക്ഷണം കഴിച്ച ഒന്‍പത് വിദ്യാര്‍ഥിനികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബേക്കറി ജംഗ്ഷന് സമീപം പ്രവര്‍ത്തിയ്ക്കുന്ന മദേഴ്‌സ് കിച്ചന്‍ എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

Ads By Google

Subscribe Us:

ചിക്കന്‍ കഴിച്ച ശേഷം വിമന്‍സ് ഹോസ്റ്റലിലേക്ക് പോയ പെണ്‍കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ക്ക് ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പൂട്ടിച്ചു. ഇന്നലെ മാത്രം തിരുവനന്തപുരത്ത് 13 പേരാണു ഭക്ഷ്യവിഷബാധയ്ക്ക് ഇരയായത്.