ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യബന്ധിത വിലപ്പെരുപ്പത്തില്‍ വീണ്ടും കുതിപ്പ് രേഖപ്പെടുത്തി. മേയ് 14ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 8.55 ശതമാനമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ നാലാഴ്ച്ചകളിലെ ഏറ്റവുമുയര്‍ന്ന നിരക്കാണിത്.

പഴങ്ങളുടേയും ധാന്യങ്ങളുടേയും വിലയിലാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ധാന്യങ്ങളുടെ വിലയില്‍ 5.03 ശതമാനത്തിന്റേയും ഉള്ളിയുടെ വിലയില്‍ 8.32 ശതമാനത്തിന്റേയും വര്‍ധനവാണ് ഉണ്ടായത്. പഴങ്ങളുടെ വിലയില്‍ 32.37 ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വിലപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി കേന്ദ്രവും റിസര്‍വ്വ് ബാങ്കും സ്വീകരിച്ച നടപടികള്‍ ഫലം കാണുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉയരുന്ന പണപ്പെരുപ്പവും ഭക്ഷ്യവിലക്കയറ്റവും രാജ്യത്തിന്റെ വളര്‍ച്ചയെ കാര്യമായി ബാധിക്കുമെന്ന് മുതിര്‍ന്ന സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെട്ടിരുന്നു