ന്യൂദല്‍ഹി: സപ്തംബര്‍ 24ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പത്തില്‍ വര്‍ധന. ഭക്ഷ്യ ഉല്‍പന്ന സൂചിക 9.41 ശതമാനത്തിലാണ് എത്തിയത്. മുന്‍പത്തെ അവലോകന വാരത്തില്‍ ഇത് 9.13 ശതമാനമായിരുന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ സൂചിക 16.88 ശതമാനത്തിലായിരുന്നു.

പച്ചക്കറി, പാല്‍, പഴം, പോഷകാഹാരങ്ങള്‍ തുടങ്ങിയവയുടെ വിലവര്‍ധനയാണ് ഭക്ഷ്യ ഉല്‍പന്ന സൂചികയില്‍ പ്രതിഫലിക്കുന്നത്. വാണിജ്യമന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം പച്ചക്കറി വില 14.88 ശതമാനം ഉയര്‍ന്നു. ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വില യഥാക്രമം 9.34 ശതമാനവും 10.58 ശതമാനവും വര്‍ധിച്ചു. പഴവര്‍ഗ്ഗങ്ങളുടെ വിലയില്‍ 11.72 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. പാലിന് 10.35 ശതമാനവും മുട്ട, മത്സ്യം, മാംസം എന്നിവയ്ക്ക് 10.33 ശതമാനവും വില കൂടി.

Subscribe Us:

പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കാജനകമാണെന്നും ഇത് താഴേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പരിശോധിക്കുന്നുണ്ടെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. റിസര്‍വ് ബാങ്കുമായി ഇതിനായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു.