Categories

ഭക്ഷ്യവിലപെരുപ്പം വീണ്ടും രണ്ടക്കം തൊട്ടു

ന്യൂദല്‍ഹി: ഒന്നര മാസത്തിന് ശേഷം രാജ്യത്തെ ഭക്ഷ്യവിലപെരുപ്പം വീണ്ടും ഇരട്ട അക്കം തൊട്ടു. ഒക്ടോബര്‍ എട്ടിന് അവസാനിച്ച ആഴ്ചയില്‍ നിരക്ക് 10.60 ശതമാനമായി ഉയര്‍ന്നു. മുന്‍ ആഴ്ചയില്‍ ഭക്ഷ്യവില സൂചിക 9.32 ശതമാനമായിരുന്നു. നേരത്തെ ഓഗസ്റ്റ് 20ന് അവസാനിച്ച ആഴ്ച 10.5 ശതമാനമായി ഉയര്‍ന്നതിന് ശേഷം ഭക്ഷ്യവില പെരുപ്പത്തില്‍ ക്രമേണ കുറവുണ്ടായിരുന്നു.

ഇന്ധന വില സൂചിക 15.17 ശതമാനമായി. കഴിഞ്ഞ ആഴ്ചയിലിത് 15.10 ശതമാനവുമായിരുന്നു. പച്ചക്കറി, പാല്‍, പഴം, പോഷകാഹാരങ്ങള്‍ തുടങ്ങിയവയുടെ വിലവര്‍ധനയാണ് ഭക്ഷ്യ ഉല്‍പന്ന സൂചികയില്‍ പ്രതിഫലിക്കുന്നത്. വാണിജ്യമന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം പച്ചക്കറി വില 17.59 ശതമാനം ഉയര്‍ന്നു.

പഴവര്‍ഗ്ഗങ്ങളുടെ വിലയില്‍ 12.39 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. പാലിന് 10.80ശതമാനവും മുട്ട, മത്സ്യം, മാംസം എന്നിവയ്ക്ക് 14.10 ശതമാനവും വില കൂടി. പണപ്പെരുപ്പത്തെ പിടിച്ച് നിര്‍ത്താന്‍ നിരക്കുകളില്‍ തുടര്‍ച്ചയായ വര്‍ധനവ് വരുത്തിയിട്ടും ഭക്ഷ്യ വിലസൂചികയിലുണ്ടാവുന്ന വര്‍ധനവ് കേന്ദ്രസര്‍ക്കാറിനെയും റിസര്‍വ്വ് ബാങ്കിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഉയര്‍ന്ന നാണയപ്പെരുപ്പം വരുതിയിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് 2010ന് ശേഷം പന്ത്രണ്ട് തവണയാണ് റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയത്. ഒക്ടോബര്‍ 25ന് ചേരുന്ന റിസര്‍വ് ബാങ്കിന്റെ രണ്ടാം പാദ അവലോകന യോഗത്തില്‍ നിരക്കില്‍ ഇനിയും നിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.