ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍ 23ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 8.53 ശതമാനമായിട്ടാണ് താഴ്ന്നിരിക്കുന്നത്.

ഇതിനുതൊട്ടു മുമ്പുള്ള ആഴ്ച്ചയില്‍ നിരക്ക് 8.76 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതേസമയം ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് 20.91 ശതമാനമായിരുന്നു. ധാന്യങ്ങളുടെ വിലയിലുണ്ടായ ഇടിവാണ് ഭക്ഷ്യവിലപ്പെരുപ്പം കുറയാന്‍ ഇടയാക്കിയത്.

അതിനിടെ വായ്പാ നയം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിലപ്പെരുപ്പ നിരക്ക് കുറഞ്ഞത് നല്ല സൂചനയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഉയരുന്ന പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനായി റിസര്‍വ്വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ വര്‍ധന വരുത്തിയിരുന്നു.

ഈ സാമ്പത്തിക വര്‍ഷം പണപ്പെരുപ്പ നിരക്ക് 9 ശതമാനമായി പിടിച്ചുനിര്‍ത്താനാകുമെന്നാണ് റിസര്‍വ്വ് ബാങ്ക് കണക്കുകൂട്ടുന്നത്. 2012 മാര്‍ച്ച് ആകുമ്പോഴേക്കും ഇത് 6 ശതമാനമായി കുറയ്ക്കാനാകുമെന്നും റിസര്‍വ്വ് ബാങ്ക് പ്രതീക്ഷിക്കുന്നു.