ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍ 30 ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 7.7 ശതമാനമായിട്ടാണ് ഇടിഞ്ഞിരിക്കുന്നത്. ഇത് കഴിഞ്ഞ പതിനെട്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്.

പയറുവര്‍ഗ്ഗങ്ങളുടേയും പച്ചക്കറികളുടേയും വിലയിലുണ്ടായ ഇടിവാണ് നിരക്കില്‍ പ്രതിഫലിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച നിരക്ക് 8.53 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതേസമയം ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് 21 ശതമാനത്തിനും മുകളിലായിരുന്നു.

നിരക്ക് ഇടിഞ്ഞത് കേന്ദ്രസര്‍ക്കാറിന് ആശ്വാസമായിട്ടുണ്ട്. നേരത്തേ റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയിട്ടും സാമ്പത്തിക സ്ഥിതി പിടിച്ചുനിര്‍ത്താന്‍ കഴിയാതിരുന്നത് സാമ്പത്തിക വിദഗ്ധരെ ആശങ്കയിലാക്കിയിരുന്നു.

ഉരുളക്കിഴങ്ങിന്റെ കമ്പോളവിലയില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ധാന്യങ്ങളുടേയും പഴങ്ങളുടേയും വിലയില്‍ ഇപ്പോഴും വലിയ മാറ്റമില്ലാതെ തുടരുകയാണ്. പാലിന്റെ വിലയിലും കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്.