കൊളംബോ: ശ്രീലങ്കയില്‍ നിര്‍ണായക പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം പൂര്‍ത്തിയായി. നിലവിലെ പ്രസിഡന്റ് മഹിന്ദ രജപക്‌സെയും മുന്‍ സേനാമേധാവി ശരത് ഫൊന്‍സേകയും തമ്മിലാണ് മത്സരം. ഇരുവരുടെയും പ്രചാരണം വന്‍ റാലികളോടെ കൊളംബോയില്‍ സമാപിച്ചു. നീണ്ട 37 വര്‍ഷത്തിനുശേഷം തമിഴ്പുലികളുടെ ഇടപെടലില്ലാതെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. എല്‍ ടി ടിഇയെ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയവരാണ് പരസ്പരം മത്സരിക്കുന്നത്.

ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പില്‍ വന്‍ പോളിങ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ജനങ്ങളെ ഭീഷണിപ്പെടുത്തിയും അക്രമത്തിലൂടെയും വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ഭരണകക്ഷി ശ്രമിക്കുകയാണെന്ന് ശരത് ഫൊന്‍സേക ആശങ്ക പ്രകടിപ്പിച്ചു. വോട്ടെടുപ്പില്‍ ക്രമക്കേട് ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, രജപക്‌സെ അനുയായികള്‍ ഈ ആരോപണം നിഷേധിച്ചു.

ആവശ്യത്തിന് സുരക്ഷാസേനയെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെന്നും ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പു കമീഷണര്‍ ദയാനന്ദ ദിസനായകെ പറഞ്ഞു. ശ്രീലങ്കയിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇത്തവണത്തേത്. പ്രതിപക്ഷ പാര്‍ടികളുടെ പൊതുസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഫൊന്‍സേകയെ വ്യക്തിഹത്യ നടത്താന്‍ ഭരണപക്ഷം ഔദ്യോഗിക സംവിധാനത്തെ ഉപയോഗിച്ചത് വിവാദമുയര്‍ത്തി. അക്രമങ്ങളില്‍ പ്രതിപക്ഷത്തെ നാലു പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫൊന്‍സേകയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റിന്റെ വീട് ബോംബുവച്ച് തകര്‍ത്തു.