എഡിറ്റര്‍
എഡിറ്റര്‍
കെ.എം മാണിയുടെ ബഡ്ജറ്റിനെ സ്വാഗതം ചെയ്ത് ഫൊക്കാസ
എഡിറ്റര്‍
Saturday 1st February 2014 12:11am

fokasa-org

അറേബ്യ: വിവിധ പദ്ധതികള്‍ക്കായി പ്രവാസികള്‍ക്ക് 50 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള ധനമന്ത്രി കെ.എം മാണിയുടെ കേരള ബഡ്ജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ സൗദി അറേബ്യ(ഫൊക്കാസ).

പ്രവാസികളുടെ ക്ഷേമത്തിനായി ബഡ്ജറ്റില്‍ വകയിരുത്തിയ തുക ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ണമായും വിനിയോഗിക്കണമെന്ന് നോര്‍ക്കയോടും നോര്‍ക്ക റൂട്ട്‌സിനോടും ഫൊക്കാസ അഭ്യര്‍ത്ഥിച്ചു.

ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനായി കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും പ്രവാസികള്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുന്നതിനുള്ള നിര്‍ദേശം മാത്രമാണ് പ്രവാസി പുനരധിവാസത്തിന്റെ ഭാഗമായി ഇപ്പോള്‍ സര്‍ക്കാരിന്റെ പക്കലുള്ളത്.

എന്നാല്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ എല്ലാ പ്രവാസികളും ഉപജീവനത്തിനായി സ്വന്തമായി വ്യവസായങ്ങള്‍ ആരംഭിക്കുന്നില്ലെന്ന കാര്യം ഓര്‍ക്കേണ്ടതാണെന്നും ഫൊക്കാസ വ്യക്തമാക്കി.

സെന്‍ട്രല്‍ ഫോര്‍ ഡവലപ്‌മെന്റര്‍ സ്റ്റഡീസ്( സി.ഡി.എസ്) നടത്തിയ പഠനത്തില്‍ 40 വയസിന് ശേഷം ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിച്ച ആരും തന്നെ പുതിയൊരു ബിസിനസ് സംരംഭം നാട്ടില്‍ തുടങ്ങാനുള്ള ധൈര്യം കാണിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. അഥവാ തുടങ്ങിയാല്‍ പോലും വിജയകരമായി നടത്തിക്കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയുന്നില്ല.

ഗള്‍ഫില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയവരുടെ തുടര്‍ന്നുള്ള ജീവിതം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി നോര്‍ക്ക നിലവില്‍ നല്‍കുന്ന ആനുകൂല്യം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് ഫൊക്കാസ മുന്നോട്ടു വക്കുന്നത്.

നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി പെന്‍ഷന്‍ തുകയും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തനിലയ്ക്ക് പ്രവാസി വെല്‍ഫയര്‍ ഫണ്ടിന്റെ സര്‍ക്കാര്‍ വിഹിതവും ഉയര്‍ത്തേണ്ടതാണെന്നും ഫൊക്കാസ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഇപ്പോഴത്തെ നിലയില്‍ മാസം 1000 രൂപയാണ് നോര്‍ക്കയുടെ പെന്‍ഷന്‍ വാഗ്ദാനം. 60 വയസിന് ശേഷം ഇത്രയും ചെറിയ തുക ഒരു മാസം ലഭിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ തീര്‍ത്തും അപര്യാപ്തമാണെന്നും അതുകൊണ്ട് തന്നെ പ്രവാസി വെല്‍ഫയര്‍ ഫണ്ട് ഉയര്‍ത്താനായി കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടാവേണ്ടതുണ്ടെന്നും ഫൊക്കാസ വ്യക്തമാക്കി.

നാട്ടില്‍ സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായി സര്‍ക്കാര്‍ സബ്‌സിഡിയോടെ എല്ലാ ജില്ലകളിലും കോപ്പറേറ്റീവ് കമ്യൂണിറ്റി ഹൗസിങ് പ്രൊജ്ക്ടും ( അപ്പാര്‍ട്‌മെന്റും വില്ലകളും) ആരംഭിക്കേണ്ടതുണ്ട്. ഈ പദ്ധതിയെ പ്രവാസി വെല്‍ഫയര്‍ ഫണ്ടുമായി ബന്ധപ്പെടുത്തിയാല്‍ പ്രവാസികള്‍ക്ക് വായ്പയും മറ്റും എടുക്കുന്നതിനും സഹായകരമാകുമെന്നും ഫൊക്കാസ വ്യക്തമാക്കി.

Advertisement