എഡിറ്റര്‍
എഡിറ്റര്‍
ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രവാസി വിഷയം: കേന്ദ്രമന്ത്രാലയത്തിന് ഫൊക്കാസയുടെ കത്ത്
എഡിറ്റര്‍
Wednesday 29th January 2014 12:28pm

fokasa-org

സൗദി അറേബ്യ: വരുന്ന ഫെബ്രുവരിമാര്‍ച്ച് മാസങ്ങളിലായി അവതരിപ്പിക്കാന്‍ സാധ്യതയുള്ള കേന്ദ്ര ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട പ്രവാസി വിഷയങ്ങള്‍ ഇതര സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു ക്രോഡീകരിച്ച് ഫൊക്കാസ (ഫെഡറേഷന്‍ ഓഫ് കേരള അസോസ്സിയേഷന്‍സ് ഇന്‍ സൗദി അറേബ്യ) കേന്ദ്രധനമന്ത്രി പി. ചിദംബരത്തിന് സമര്‍പ്പിച്ചു.

സൗദി അറേബ്യയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും പ്രവാസി ഭാരതീയരെ ബാധിക്കുന്ന വിവിധ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കത്തയച്ചത്.

പ്രവാസികളില്‍ നിന്നും നികുതി ഈടാക്കുന്നതിലെ വിവേചനം ഒഴിവാക്കുകയെന്നതാണ് കത്തിലെ പ്രധാന ആവശ്യം.  സ്വദേശികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രവാസി ഇന്ത്യാക്കാരില്‍ നിന്നും ആദായനികുതിയായും മറ്റും ഈടാക്കുന്ന നികുതിപ്പണം വളരെ കൂടുതലാണ്.

ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് ലഭിക്കുന്ന നികുതി ഇളവ് പല കാരണങ്ങള്‍ കൊണ്ടും പ്രവാസികള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നും ഇതിന് പരിഹാരം കാണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

അതുപോലെ പ്രവാസികള്‍ക്ക് നല്‍കിവരുന്ന ഗാസ് സബ്‌സിഡി ഒഴിവാക്കാനും പുതിയ കണക്ഷന്‍ നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനവും പുന;പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഇപ്പോള്‍ എമിഗ്രേഷന്‍ ക്ലീയറന്‍സ് ആവശ്യമുള്ളവര്‍ക്ക്മാത്രം അര്‍ഹമായ മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജനാ പദ്ധതിയില്‍ ഉപാധികളില്ലാതെ എല്ലാ പ്രവാസി ഇന്ത്യക്കാരെയും പങ്കാളികളാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

നിലവില്‍  പത്താം തരം വിദ്യാഭ്യാസത്തിന് താഴെ ഉള്ളവരെ മാത്രമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പിന്നോക്കാവസ്ഥക്കും പരിഹാരം കാണുന്നതിന്റെ ഭാഗമായി ഗള്‍ഫ് പ്രവാസികള്‍ക്ക് മാത്രമായുള്ള ‘ ഗള്‍ഫ് പ്രവാസി സര്‍വകലാശാലകള്‍’   സ്ഥാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

വിദേശ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ വഴി ലഭ്യമാകുന്ന സേവനങ്ങള്‍ക്ക് (പാസ്‌പോര്‍ട്ടിനും മറ്റു അനുബന്ധ സേവനങ്ങള്‍ക്കും) പ്രവാസി ഇന്ത്യാക്കാരില്‍ നിന്നും യാതൊരു ന്യായീകരണവുമില്ലാതെ ഈടാക്കിവരുന്ന അധിക തുക (മുന്നൂറ്റംബതു ശതമാനം വരെ) നിര്‍ത്തലാക്കണമെന്നും ധനമന്ത്രിയോട് ആവശ്യപ്പെട്ടു.

വരുന്ന ഏപ്രില്‍ മെയ് മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന പതിനാറാം ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന ബഡ്ജറ്റ്  70 ലക്ഷത്തോളം വരുന്ന ഗള്‍ഫ് പ്രവാസി ഇന്ത്യാക്കാരെയും അവരെ ആശ്രയിച്ചു കഴിയുന്ന കോടിക്കണക്കിനു ഇന്ത്യാക്കാരെ സംബന്ധിച്ചും വളരെ നിര്‍ണായകമാണ്.

Advertisement