ന്യൂദല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ഉത്തരേന്ത്യയില്‍ റെയില്‍-വ്യോമഗതാഗതം താറുമാറായി.

ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തില്‍ 70 സര്‍വീസുകള്‍ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്തു. കൂടാതെ 12 അന്താരാഷ്ട്ര വിമാനസര്‍വീസുകളും നാല് ആഭ്യന്തര സര്‍വീസുകളും റദ്ദാക്കി.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് വിമാനത്താവളത്തില്‍ മൂടല്‍മഞ്ഞ് കാണപ്പെട്ടത്.

ദല്‍ഹിയില്‍ നിന്നുള്ള ട്രയിന്‍ സര്‍വീസുകളെയും മൂടല്‍ മഞ്ഞ് ബാധിച്ചിട്ടുണ്ട്. ഡെറാഡൂണ്‍, ബാന്ധ്ര എക്‌സ്പ്രസ്, മുംബൈ ജനതാ എക്‌സ്പ്രസ് എന്നിവ അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദുചെയ്തു. ഭോപ്പാല്‍ ശതാബ്ദി, അമൃതസര്‍ ശതാബ്ദി, സീമാഞ്ചല്‍ എക്‌സ്പ്രസ്, താജ് എക്‌സ്പ്രസ് എന്നീ ട്രയിനുകള്‍ റീഷെഡ്യൂള്‍ ചെയ്തു. പുരുഷോത്തം എക്‌സ്പ്രസ്, പൂര്‍വ എക്‌സ്പ്രസ്, ഫരാക്ക എക്‌സ്പ്രസ്, ഷെല്‍ധ, ഹൗരാജ് രാജധാനി എന്നീ ട്രയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ട്രെയിനുകള്‍ അനിശ്ചിതമായി വൈകിയതുകൊണ്ട് ആയിരക്കണക്കിന് യാത്രക്കാര്‍ കൊടും തണുപ്പില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കഴിയേണ്ട സ്ഥിതിയിലായി. കാഴ്ചയുടെ പരിധി 50മീറ്ററില്‍ താഴെയായതാണ് വ്യോമ, റെയില്‍ ഗതാഗതം ബുദ്ധിമുട്ടിലാക്കിയത്.