Categories

കാലിത്തീറ്റ കുംഭകോണം;ലാലുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് തിരിച്ചടി. ലാലുവിനെ കുറ്റവിമുക്തനാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ 2014ലെ വിധി സുപ്രീംകോടതി റദ്ദാക്കി. കൂടാതെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കുകയും ചെയ്തു.

സി.ബി.ഐ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീകോടതി ലാലുവിനെതിരെ ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിച്ചത്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത് നാല് കേസുകളിലും ലാലുപ്രസാദ് യാദവ് വെവ്വേറെ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.

നേരത്തെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയ കുറ്റകരമായ ഗുഢാലോചന, ക്രിമിനല്‍ താത്പര്യം മുന്‍നിര്‍ത്തി മനഃപൂര്‍വം അഴിമതി തടയാതിരിക്കുക എന്നിവ അന്വേഷിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

2014 നവംബറിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിനും കൂട്ടുപ്രതികള്‍ക്കും എതിരെ ചുമത്തിയിരുന്ന ഗൂഢാലോചനക്കുറ്റവും പ്രധാനപ്പെട്ട വകുപ്പുകളും ഒഴിവാക്കിയത്.

കൂടാതെ കാലിത്തീറ്റ അഴിമതിക്കേസില്‍ ഒരേ തെളിവുകളും സാക്ഷികളുമാണ്, അതിനാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുവിനെയും കൂട്ടുപ്രതികളെയും സമാനസ്വഭാവമുളള കേസുകളില്‍ വിചാരണ ചെയ്യാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.


Dont Miss അദ്വാനിയെ രാഷ്ട്രപതിയാക്കണം; പ്രായമൊന്നും തടസമല്ലെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ 


1990-97 കാലത്ത് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവും കൂട്ടരും ആയിരം കോടി രൂപയുടെ കാലിത്തീറ്റ അഴിമതി നടത്തിയെന്നായിരുന്നു കേസ്. ഇതില്‍ 38 കോടിയുടെ അഴിമതി കേസില്‍ 2013 ഒക്ടോബറില്‍ റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി ലാലുപ്രസാദ് യാദവിനു അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു. ഇതിനിടെ ജാര്‍ഖണ്ഡ് ഹൈകോടതിയെ സമീപിച്ച ലാലു പ്രസാദ് അനുകൂലവിധി നേടുകയായിരുന്നു. കേസില്‍ അഞ്ച് വര്‍ഷം കഠിനതടവ് വിധിച്ചതിനാല്‍ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട അനുബന്ധ കേസുകളില്‍ പ്രത്യേകം ഗൂഢാലോചന ചുമത്തി വിചാരണ വേണ്ടെന്ന ജാര്‍ഖണ്ഡ് ഹൈകോടതി ഉത്തരവ്. ഇതാണ് ഇപ്പോള്‍ സുപ്രീംകോടതി റദ്ദാക്കിയത്.

കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ലാലുവിന് സുപ്രീകോടതി ഉത്തരവ് വലിയ തിരിച്ചടിയാകും. പല ട്രഷറികളില്‍ നിന്ന് പലപ്പോഴായി തുക പിന്‍വലിച്ച കേസായതിനാലാണ് പ്രത്യേകം പ്രത്യേകം പരിശോധിച്ച് വിചാരണ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

Tagged with: