ജിദ്ദ: ‘ഫോക്കസ് ജിദ്ദ’ സംഘടിപ്പിച്ചു വരുന്ന വൃക്കരോഗ ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി ലോക വൃക്കദിനത്തോടനുബന്ധിച് ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു. ‘ആരോഗ്യ സംരക്ഷണം പ്രവാസികളില്‍’ എന്ന വിഷയത്തില്‍ ശറഫിയ്യയിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

‘നല്ല ആരോഗ്യശീലങ്ങള്‍’, ‘അവയവ ദാനവും ആരോഗ്യ സംരക്ഷണത്തിന്റെ ഇസ്ലാമികമാനവും’, ‘ഫോക്കസ് ചെയ്യപ്പെടേണ്ട യുവത്വം’ എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. വിപി മുഹമ്മദലി, എം. അഹ്മദ് കുട്ടി മദനി, ഡോ. ഇസ്മായില്‍ മരുതേരി എന്നിവര്‍ ക്ലാസുകളെടുത്തു.

കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന മദ്യവും, ജീവിതം തന്നെ തകര്‍ക്കുന്ന ലൈംഗിക അരാജകത്വവും സമൂഹത്തെ കാര്‍ന്നു തിന്നുമ്പോള്‍ സ്വവര്‍ഗ രതിക്ക് കൂടി അംഗീകാരം നല്‍കുന്നത്  ആത്മഹത്യാപരമാണെന്ന് അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിലെ ഡോ. വി.പി മുഹമ്മദലി പറഞ്ഞു.

യുവത്വത്തിന്റെ കര്‍മ്മശേഷിയും ചലനാത്മകതയും ശരിയായി ഫോക്കസ് ചെയ്യപ്പെടുമ്പോള്‍ മാത്രമേ ഉത്തമ സമൂഹ സൃഷ്ടി സാധ്യമാവൂ എന്ന്  ഫോക്കസ് ഉപദേശക സമിതിയംഗവും കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അദ്ധ്യാപകനുമായ ഡോ. ഇസ്മായില്‍ മരുതേരി വിലയിരുത്തി.

ഫോക്കസ് ജിദ്ദ സി.ഇ.ഒ പ്രിന്‍സാദ് കോഴിക്കോട് അദ്ധ്യക്ഷനായിരുന്നു. ഇവന്റ്‌സ് മനേജര്‍ ജരീര്‍ വേങ്ങര സ്വാഗതവും, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അബ്ദുല്‍ ജലീല്‍ സി.എച്ച് നന്ദിയും പറഞ്ഞു.

Malayalam news

Kerala news in English