മുംബൈ: ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് എഫ്.എം റേഡിയോകള്‍ ഗാനരചയിതാവിനും, സംഗീതസംവിധായകനും പ്രത്യേകം പ്രത്യേകം അവകാശ ധനം നല്‍കേണ്ടെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെ പ്രതിഷേധം. വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്‍ കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജാവേദ് അക്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഗാനരചയിതാക്കളും, സംഗീതസംവിധായകരും രംഗത്തുവന്നിട്ടുണ്ട്. വിശാല്‍ ഭരദ്വാജ്, സമീര്‍, ലോയി മെന്റോണ്‍ക, ലളിത് പണ്ഡിറ്റ് തുടങ്ങിയവര്‍ പ്രമുഖരും ജാവേദിനൊപ്പം പത്രസമ്മേളന വേദിയിലുണ്ടായിരുന്നു.

ഗാനരചയിതാക്കളുടേയും, സംഗീതസംവിധായകരുടേയും വര്‍ക്കുകളുടെ പകര്‍പ്പവകാശം സംരക്ഷിക്കുന്ന ഇന്ത്യന്‍ പെര്‍ഫോമിംങ് റൈറ്റ് സൊസൈറ്റി ലിമിറ്റഡിന് സ്വകാര്യ റേഡിയോ ചാനലുകളില്‍ നിന്നും അവകാശ ധനമോ ലൈസന്‍സ് ഫീയോ വാങ്ങാന്‍ അധികാരമില്ലെന്നായിരുന്നു കോടതി വിലയിരുത്തല്‍. ഈ വിധിയോടെ ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനായി റേഡിയോ സ്‌റ്റേഷനുകള്‍ സംഗീത സംവിധായകനും, ഗാനരചയിതാവിനും അവകാശധനം നല്‍കേണ്ടതില്ല. ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനായി മ്യൂസിക് കമ്പനികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംഘടനയായ ഫോണോഗ്രാഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡില്‍ നിന്നും ലൈസന്‍സ് നേടിയാല്‍ മതി.

അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട റോയല്‍റ്റി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് കോടതി വിധിയെന്നാണ് അക്തര്‍ അഭിപ്രായപ്പെടുന്നത്. ഇത് ബോളിവുഡിലെ സംഗീത സംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും ഏറെ പ്രശ്‌നങ്ങളാണുണ്ടാക്കുക. തങ്ങളുടെ രചനകള്‍ക്ക് നിര്‍മ്മാതാക്കള്‍ നല്‍കുന്ന പ്രതിഫലമല്ലാതെ മറ്റൊന്നും നേടാന്‍ കഴിയാത്ത അവസ്ഥ ഇവര്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘നിര്‍മ്മാതാക്കള്‍ തങ്ങളുടെ വര്‍ക്കുകള്‍ മ്യൂസിക് കമ്പനികള്‍ക്ക് വില്‍ക്കുമ്പോള്‍ കമ്പനികള്‍ റോയല്‍റ്റി നല്‍കാറില്ല. ആകെ ലഭിക്കുന്നത് ഐ.പി.ആര്‍.എസില്‍ നിന്നുള്ള റോയല്‍റ്റിയാണ്. അതും നിരസിച്ചാല്‍ തങ്ങളുടെ സ്ഥിതി കഷ്ടത്തിലാവും.’ ഗാനരചയിതാവ് ജലീസ് ഷെര്‍വാണി പറയുന്നു.