കാസര്‍കോട്:  നീലേശ്വരത്ത് വി.എസ്. അച്യുതാനന്ദന് പിന്തുണ പ്രഖ്യാപിച്ച് ഫ്‌ളക്‌സ് ബോര്‍ഡ്. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയില്‍ വി.എസിനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.  ഫ് ക്‌സ് ബോര്‍ഡില്‍ പി.ബിയ്‌ക്കെതിരെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഫ്‌ളക്‌സ് ബോര്‍ഡ്   ഇന്നലെ അര്‍ധരാത്രിയോടെയാണ് നീലേശ്വരത്തെ വി.എസ് ഓട്ടോ സ്റ്റാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്.

പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കുന്ന വിഡ്ഢികളാണോ കമ്മ്യൂണിസ്റ്റുകാര്‍, 80 വയസ്സു കഴിഞ്ഞവരെ കേന്ദ്രകമ്മറ്റിയില്‍ നിന്നും ഒഴിവാക്കണമെന്ന നിര്‍ദേശം കൊണ്ടുവന്ന നപുംസക ശിരോമണികളേ നിങ്ങള്‍ക്ക് നിത്യയൗവനമായിരിക്കുമെന്ന് കരുതുന്നുണ്ടോ തുടങ്ങിയ വാക്കുകളാണ് ബോര്‍ഡിലുള്ളത്. വി.എസ്സിന്റെ പോരാട്ടം ഇതുകൊണ്ടൊന്നും അവസാനിക്കില്ലെന്നും ബോര്‍ഡില്‍ പറയുന്നുണ്ട്.

അച്ചടക്കനടപടിയുടെ ഭാഗമായി 2009ല്‍ പിബിയില്‍ നിന്ന് കേന്ദ്രകമ്മിറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ട വിഎസ്  ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസോടെ മടങ്ങിയെത്തുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ വിഎസിനെ തിരിച്ചെടുക്കാതെ പാര്‍ട്ടി കോണ്‍ഗ്രസ് 15 അംഗ പൊളിറ്റ് ബ്യൂറോയെ തിരഞ്ഞെടുത്തതോടയാണ് വിഎസ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.