ലാഹോര്‍: കനത്ത മഴയെത്തുടര്‍ന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ പ്രളയത്തില്‍ 35 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ലഹോറിലെ പ്രവിശ്യാ തലസ്ഥാനത്ത് നിന്ന് 80 കിലോമീറ്റര്‍ ദൂരത്തിലുള്ള പസ്‌റൂര്‍, സിയാല്‍ക്കോട്ട് ഗ്രാമങ്ങളാണ് പൂര്‍ണമായും വെള്ളത്തിനടിയിലായത്.

Ads By Google

ഗ്രാമങ്ങള്‍ക്ക് മേല്‍ നാലടിയോളമാണ് വെള്ളമുള്ളത്, ഉയര്‍ന്ന കെട്ടിടങ്ങള്‍ വരെ വെള്ളത്തിനടിയിലാണ്. സ്ഥലത്ത് വിളവെടുക്കാറായ നൂറ് കണക്കിന് ഏക്കര്‍ കൃഷിപ്പാടങ്ങള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം വെള്ളത്തിനടിയിലായി.

അതേസമയം പ്രളയത്തില്‍ ആരും മരിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. പലരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിച്ചു. പ്രളയ ബാധിത ഗ്രാമങ്ങളില്‍ ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

സുരക്ഷാ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ കുറിച്ചുദിവസങ്ങളായി പാക്കിസ്ഥാനിലെ പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.