ബാങ്കോക്ക്: കനത്ത മഴയും കൊടുങ്കാറ്റും മൂലം തായ്‌ലാന്‍ഡിലാകെ പടര്‍ന്ന പ്രളയം തലസ്ഥാനമായ ബാങ്കോക്കിലേക്കും വ്യാപിക്കുന്നു. നദികളിലെ ജലനിരപ്പ് ഇപ്പോള്‍ സമുദ്രനിരപ്പില്‍ നിന്ന് 2.4 മീറ്റര്‍ ഉയരത്തിലാണ്. ഈ രീതിയില്‍ വെള്ളം പൊങ്ങിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബാങ്കോക്ക് വെള്ളത്തില്‍ മുങ്ങിപ്പോകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, തായ്‌ലാന്‍ഡില്‍ ആകമാനം വ്യാപിച്ച പ്രളയത്തില്‍ മരണം 373 ആയി. രാജ്യത്തെ വടക്കു കിഴക്കന്‍ മേഖലകളിലെ 26 പ്രവിശ്യകളിലായി 2.4 മില്യണ്‍ ജനങ്ങളെ പ്രളയം ബാധിച്ചു. തലസ്ഥാനമായ ബാങ്കോക്കും ഇപ്പോള്‍ പ്രളയ ഭീഷണിയിലാണ്. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.

Subscribe Us:

രാജ്യത്തെ പ്രമുഖ വിമാനത്താവളമായ ഡോണ്‍ മുയാംഗ് അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളം ഇപ്പോള്‍ അഭയാര്‍ത്ഥി ക്യാമ്പ് ആയിരിക്കുകയാണ്. മറ്റു എയര്‍പോര്‍ട്ടുകളില്‍ റണ്‍വേ തകര്‍ന്നതിനാല്‍ നോക് എയര്‍, ഓറിയന്റ് തായ് എന്നീ വിമാന സര്‍വ്വീസുകളും നിര്‍ത്തിയിരിക്കുകയാണ്. ഗതാഗത സംവിധാനങ്ങളെല്ലാം സംതഭിച്ചിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിന് ദുരന്ത നിവാരണ സേനയും സൈന്യവും രംഗത്തുണ്ട്. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയമാണ് തായ്‌ലന്‍ഡ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.