വിജയവാഡ: കഴിഞ്ഞ ദിവസങ്ങളായി പെയ്ത കനത്ത മഴയില്‍ ആന്ധ്രയിലെ വിജയവാഡയിലുണ്ടായത് 100 വര്‍ഷത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം. 52പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. കൃഷ്ണയും തുംഗഭദ്രയും കരകവിഞ്ഞ് ആന്ധ്രയിലെ നാലു ജില്ലകള്‍ വെള്ളത്തില്‍ മുങ്ങി. പ്രകാശം ബാരേജില്‍ 11.03 ലക്ഷം ക്യുസെക്‌സ് വെള്ളമാണ് കൃഷ്ണാ നദിയിലൂടെ എത്തിക്കൊണ്ടിരിക്കുന്നത്.

കൃഷ്ണ, ഗൂണ്ടൂര്‍ ജില്ലകളിലെ രണ്ടരലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ വെള്ളപ്പൊക്കം ഇനി ജീവന് ഭീഷണിയാകില്ലെന്ന കണക്കൂകൂട്ടലിലാണ് സര്‍ക്കാര്‍. കൃഷ്ണ നദി ബംഗാള്‍ ഉള്‍ക്കടലില്‍ ലയിക്കുന്ന ലങ്ക ഗ്രാമത്തില്‍ 50,000ത്തോളം പേര്‍ ഒറ്റപ്പെട്ടു. വിജയവാഡ നഗരത്തിലെ നിരവധി കോളനികളും കൃഷ്ണാ നദിയുടെ തീരത്തുള്ള പല കോളനികളും വെള്ളത്തിനടിയിലാണ്. കൃഷ്ണയില്‍ ആറടിയിലേറെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പ്രകാശം ബാരേജില്‍ നിന്നുള്ള ജലമൊഴുക്കു തുടരുന്നതിനാല്‍ ബുധനാഴ്ച വരെ സ്ഥിതി തുടരുമെന്നാണ് റിപ്പോര്‍ട്ട്.

106 വര്‍ഷത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കൃഷ്ണാ നദിയില്‍ ഉണ്ടായിരിക്കുന്നത്. 1903 ല്‍ 10.3 ലക്ഷം ക്യുസെക്‌സ് വെള്ളം ഒഴുകിയെത്തിയതായിരുന്നു മുന്‍ റെക്കോര്‍ഡ്. പ്രകാശം ബാരേജിലെ 72 സ്ലൂയിസ് വാല്‍വുകളും തുറന്നെങ്കിലും ജലനിരപ്പ് 21.9 അടിയിലേക്ക് ഉയര്‍ന്നു. നാഗാര്‍ജുന സാഗര്‍ അണക്കെട്ടില്‍ നിന്ന് 10.17 ലക്ഷം ക്യുസെക്‌സ് വെള്ളം വീതം തുറന്നു വിട്ടിരിക്കുകയാണ്.

വെള്ളപ്പൊക്കദുരിതംബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ആഭ്യന്തരമന്ത്രി പി. ചിദംബരവും ഹൈദരാബാദിലെത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി കണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 6000 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന മുഖ്യമന്ത്രി കെ. റോസയ്യ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.