പോര്‍ട്ട് ഓ പ്രിന്‍സ്: തെക്കന്‍ ഹെയ്തിയില്‍ കഴിഞ്ഞ ഏഴു ദിവസമായി തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 23 പേര്‍ മരിച്ചു. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിലും കനത്ത മഴ നാശംവിതച്ചു. പ്രളയബാധിതമേഖലയിലെ നൂറു കണക്കിനു വീടുകള്‍ ഒലിച്ചുപോയി. തെക്കന്‍ ഹെയ്തിയിലെ പ്രധാനനദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.

മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. ഇവിടെ പത്ത് ദിവസമായി കനത്ത മഴയും കാറ്റും തുടരുകയാണ്.

നിരവധി വീടുകള്‍ ഇതിനകം തന്നെ വെള്ളത്തിനടിയിലായി. പോര്‍ട്ട് ഓ പ്രിന്‍സില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. വന്‍മരങ്ങളെല്ലാം റോഡുകളിലേയ്ക്കു കടപുഴകി വീണതോടെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പ്രളയത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 23 പേര്‍ മരിച്ചതായി ഹെയ്തി സാമൂഹിക സംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായാണ് സൂചന.

ഹെയ്തിയിലെ പ്രളയബാധിത മേഖലയില്‍ നിന്നു നിരവധി പേരെ യു.എന്‍ സഹായസംഘം താത്കാലിക കേന്ദ്രങ്ങളിലേയ്ക്കു മാറ്റിപാര്‍പ്പിച്ചു. തലസ്ഥാനത്തിന് തെക്കുഭാഗത്തുള്ള ഗ്രസിയര്‍ സിറ്റിയില്‍ വീടുകളില്‍ വെള്ളം കയറിതിനെ തുടര്‍ന്ന് ആളുകല്‍ മേല്‍ക്കൂരകളില്‍ അഭയം തേടിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഹെയ്തിയെ തകര്‍ത്തെറിഞ്ഞ ഉഗ്രഭൂകമ്പത്തില്‍ ഭവനരഹിതരായ ആയിരക്കണക്കിനു പേരെ താമസിപ്പിച്ചിരുന്ന താത്കാലിക ക്യാമ്പുകളിലും വെള്ളംപൊങ്ങിയിട്ടുണ്ട്. ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പ്.

കഴിഞ്ഞവര്‍ഷം ഇവിടെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ആയിരക്കണക്കിനാളുകളാണ് മരിച്ചത്. ഇതിനു പിന്നാലെ ഇവിടെ വ്യാപിച്ച കോളറ ഏകദേശം 5,300 ആളുകളെ ജീവന്‍ കവര്‍ന്നെടുത്തിരുന്നു. നാല് വര്‍ഷം മുമ്പ് ഹെയ്തിയിലെ ഗൊണൈവ്‌സിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 3,000 ആളുകള്‍ മരിച്ചിരുന്നു.