Categories

കര്‍ണാടകയിലും ആന്ധ്രയിലും കനത്തമഴ: 200 മരണം

ഹൈദരാബാദ്: ആന്ധ്രപ്രദേശ്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നാല ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ഇരുനൂറിലധികം പേര്‍ മരിച്ചു. കര്‍ണാടകയില്‍ 165 പേരും ആന്ധ്രയില്‍ 26ഉം മഹാരാഷ്ട്രയില്‍ 19ഉം ഗോവയില്‍ ഒരാളുമാണ് മരിച്ചത്. ആന്ധ്രയില്‍ അഞ്ചു ജില്ലകളും സംസ്ഥാനത്തോട് ചേര്‍ന്നു കിടക്കുന്ന ഉത്തരകര്‍ണാടകയിലെ 15 ജില്ലകളും വെള്ളത്തിലാണ്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. 100 വര്‍ഷത്തിനിടെ കൃഷ്‌നാനദില്‍ ഏറ്റവും വലിയ വെള്ളപ്പൊക്കമാണുണ്ടായിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദമാണ് കനത്ത മഴക്ക് കാരണം.

കനത്ത മഴയെ തുടര്‍ന്ന പല സംസ്ഥാനങ്ങളിലും ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ തടസപ്പെട്ടിട്ടുണ്ട്.
ദുരിതബാധിതപ്രദേശങ്ങളിലെ ഗതാഗത, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ല മൂന്നുദിവസമായി ഇരുട്ടിലാണ്. വെള്ളം പൊങ്ങിയതിനാല്‍ കര്‍ണാടകയിലെ മുഖ്യ വൈദ്യുതിനിലയങ്ങളിലൊന്നായ ആര്‍.ടി.പി.എസ്. ഉത്പാദനം നിര്‍ത്തിവെച്ചു. കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ആന്ധ്രയില്‍ കുര്‍ണൂല്‍, മെഹബൂബ്‌നഗര്‍, കൃഷ്‌ന, ഗുണ്ടൂര്‍, നല്‍ഗോണ്ട ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്. ഒരു മാസം മുമ്പ് കൊടുംവരള്‍ച്ചയാല്‍ ബുദ്ധിമുട്ടിയ ജില്ലകളാണിവ. ഇവിടങ്ങളില്‍ 105 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവിടെ തുറന്നത്. കര്‍ണാടകയില്‍ 1,03,291 വീടുകള്‍ തകര്‍ന്നു. ആന്ധ്രയില്‍ നാലരലക്ഷം പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി.

രാജ്യത്ത് ഗതാഗതം താറുമാറായി

കനത്തമഴയും വെള്ളപ്പൊക്കവും മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ട്രെയിന്‍, വിമാന ഗതാഗതം താറുമാറായി. ഇന്നലെ ഉച്ചയ്ക്ക് 12.05നു പുറപ്പെടേണ്ടിയിരുന്ന മുംബൈ സിഎസ്ടി – നാഗര്‍കോവില്‍ എക്‌സ്പ്രസ് വൈകിട്ട് 4.40നാണു പുറപ്പെട്ടത്. ഉച്ച തിരിഞ്ഞ് 3.45നുള്ള സിഎസ്ടി – കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസ് രാത്രി 11.35നും. ഇന്നു രാവിലെ അഞ്ചരക്ക് പുറപ്പെടേണ്ട കന്യാകുമാരി – മുംബൈ സിഎസ്ടി എക്‌സ്പ്രസ് (6382) രാവിലെ 10 മണിക്കു മാത്രമേ യാത്ര ആരംഭിക്കുകയുള്ളൂ.കനത്ത മഴയെ തുടര്‍ന്നു കൊങ്കണ്‍ പാതയിലൂടെ സര്‍വീസ് നടത്തുന്ന നാലു ട്രെയിനുകള്‍ സകഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു.

ഇന്നലെ വൈകിട്ട് ആറരക്ക് എത്തേണ്ട ലോക്മാന്യതിലക് – കോയമ്പത്തൂര്‍ എക്‌സ്പ്രസും (1013) വഴി തിരിച്ചുവിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടിന് ഉച്ചക്ക് ഒരു മണിക്ക് പുറപ്പെട്ട എറണാകുളം – നിസാമുദ്ദീന്‍ (2617), രണ്ടിനു രാവിലെ 8.50നു പുറപ്പെട്ട കൊച്ചുവേളി – ഡെറാഡൂണ്‍ എക്‌സ്പ്രസ് (2287) എന്നീ ട്രെയിനുകള്‍ ഷൊര്‍ണൂര്‍, പാലക്കാട്, ഈറോഡ്, ജോലാര്‍പേട്ട, തിരുപ്പതി, വിജയവാഡ, വാറംഗല്‍ വഴി തിരിച്ചുവിട്ടു. രണ്ടിനു രാവിലെ എട്ടരയ്ക്കു പുറപ്പെട്ട കോയമ്പത്തൂര്‍ – ലോക്മാന്യതിലക് ടെര്‍മിനസ് എക്‌സ്പ്രസ് (1014) ബെല്ലാരി, സോലാപ്പൂര്‍ വഴി തിരിച്ചുവിട്ടു.

കേരളത്തിലും ഗതാഗത തടസം

കേരളത്തിലും ട്രെയിന്‍ യാത്ര പലയിടത്തും തടസ്സപ്പെട്ടു. അങ്കമാലി സബ് സ്‌റ്റേഷനില്‍നിന്നുള്ള 66 കെവി ഫീഡര്‍ ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് ആലുവയ്ക്കും കളമശ്ശേരിക്കുമിടയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടര്‍ന്നു ഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്പ്രസ്, തിരുവനന്തപുരത്തേക്കുള്ള വേണാട് എക്‌സ്പ്രസ് ട്രെയിനുകള്‍ 20 മിനിറ്റ് വൈകി. വടകര കോട്ടക്കടവ് ഗേറ്റിനു സമീപം റയില്‍വേ പാളത്തില്‍ മണ്ണിടിഞ്ഞതു മൂലം ഒന്നേകാല്‍ മണിസക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.

തിരുവനന്തപുരം – മംഗലാപുരം എക്‌സ്പ്രസ് കടന്നു പോകാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴായിരുന്നു പാളത്തിന്റെ പടിഞ്ഞാറു നാലു മീറ്ററോളം ഇടിഞ്ഞു സ്ലീപ്പറുകള്‍ക്കു പുറത്തായി വീണത്. ട്രെയിന്‍ തിക്കോടിയില്‍ നിര്‍ത്തിയിട്ട് അറ്റകുറ്റപ്പണി നടത്തി ഒന്നേകാല്‍ മണിക്കൂറിനുശേഷം ഗതാഗതം പുനരാരംഭിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.