കൊച്ചി: നെടുമ്പാശേരിയില്‍ ഗള്‍ഫ് എയര്‍ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. ബഹ്‌റൈനില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. ഏഴ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ലാന്റിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്നും പുറത്തേക്ക് പോകുകയായിരുന്നു. വിമാനം പൂര്‍ണമായും റണ്‍വേയ്ക്ക് പുറത്താണുള്ളത്. വിമാനത്തിന്റെ മുന്‍ഭാഗം ചെളിയില്‍ പുതഞ്ഞു.

യാത്രക്കാര്‍ എമര്‍ജന്‍സി വാതിലിലൂടെ രക്ഷപ്പെട്ടു. 137 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവര്‍ക്ക്‌ പ്രഥമ ശുശ്രൂഷ നല്‍കി. ഗുരുതരമായ പരിക്കേറ്റയാളെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് റണ്‍വെ താല്‍ക്കാലികമായി അടച്ചിട്ടു. കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ റദ്ദാക്കി. നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കരിപ്പൂര്‍, തിരുവനന്തപുരം, മംഗലാപുരം എന്നീ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിട്ടു.

സ്ഥിതി പഴയതുപോലെയാകാന്‍ 10 മണിക്കൂറെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു.

വിമാനം റണ്‍വെയില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. വിമാനം റണ്‍വേയിലേക്കെത്തിക്കാന്‍ സിയാല്‍ എയര്‍ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്. മുംബൈയില്‍ നിന്നും ഡിസേബിള്‍ഡ് എയര്‍ക്രാഫ്റ്റ് റിക്കവറി കിറ്റ് എന്ന സാങ്കേതിക വിദ്യ കൊച്ചിയിലെത്തിയശേഷമേ വിമാനം റണ്‍വേയിലേക്കെത്തിക്കാന്‍ കഴിയൂ.