ന്യൂദല്‍ഹി: അണ്ണ ഹസാരെയുടെ ജന്‍ ലോക്പാല്‍ ബില്ലിന് ഒരുപാട് ന്യൂനതകളുണ്ടെന്നും ബില്‍ പാര്‍ലമെന്റ് പാസാക്കരുതെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി. ഐ.ഐ.ടി വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് അദ്വാനി ഇക്കാര്യം പറഞ്ഞത്.

ജന്‍ലോക്പാല്‍ ബില്ലിലെ വ്യവസ്ഥകളിലെ പോരായ്മകളെക്കുറിച്ചു തനിക്കു വ്യക്തമായ ധാരണയുണ്ട്. ആ ബില്‍ അതേ രൂപത്തില്‍ പാര്‍ലമെന്റില്‍ പാസാക്കുക ബുദ്ധിമുട്ടാണ്. ബില്ലിലെ പിഴവുകളെക്കുറിച്ച് ഹസാരെ സംഘത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്വാനി വ്യക്തമാക്കി.

ഇക്കാര്യം ധനമന്ത്രി പ്രണബ് മുഖര്‍ജിയെയും അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഭേദഗതികള്‍ക്ക് ശേഷമേ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാവൂ എന്നും അദ്വാനി ആവശ്യപ്പെട്ടു. ജന്‍ലോക്പാല്‍ എന്ന തലക്കെട്ടില്‍ കുടുങ്ങിക്കിടക്കുകയാണ് ജനവികാരം. അതിനാല്‍ ഭേദഗതികള്‍ക്കു ശേഷം ലോക്പാലിന്റെ അന്തിമ രൂപം എന്തായാലും അതിനെ ജന്‍ലോക്പാല്‍ എന്നു വിശേഷിപ്പിക്കാമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കണമെന്നും സര്‍ക്കാരിനോടു  നിര്‍ദേശിച്ചിരുന്നു.ഇതേക്കുറിച്ചു ചിന്തിക്കുമെന്നും അഴിമതി തടയുന്ന ഏതു നിയമത്തേയും ബി.ജെ.പി പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.