നടി നവ്യാനായര്‍ക്കെതിരെ ഫ്‌ളാറ്റ് തട്ടിപ്പ് കേസ്. ഫ് ളാറ്റ് വാങ്ങാനായി നിര്‍മാണ കമ്പനിയുമായി കരാറുണ്ടാക്കി അഡ്വാന്‍സ് നല്‍കിയശേഷം പിന്നീട് പിന്മാറിയെന്നാണ് നവ്യയ്‌ക്കെതിരായ ആരോപണം. ഇത് സംബന്ധിച്ച് ഫ്‌ളാറ്റ് കമ്പനി നല്‍കിയ പരാതിയില്‍ ഈ മാസം 25ന് നവ്യ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ശ്വാസ് ബില്‍ഡേഴ്‌സ് എന്ന കമ്പനിയാണ് നവ്യയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തൃപ്പൂണിത്തറയില്‍ കമ്പനി നിര്‍മാണമാരംഭിച്ച ‘ മസ്റ്റിക് ഹെറിറ്റേജ് എന്ന പദ്ധതിയില്‍ രണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങാമെന്ന് നവ്യ കരാര്‍ പ്രകാരം ഉറപ്പുനല്‍കിയെന്നും പിന്നീടത് പാലിച്ചില്ലെന്നുമാണ് കമ്പനിയുടെ ആരോപണം.

ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള അനുമതി ശ്വാസ് ലിമിറ്റഡിന് ഇല്ലെന്നറിഞ്ഞതോടെ നവ്യ ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതാണ് നടിയ്‌ക്കെതിരെ പരാതി നല്‍കാന്‍ കാരണമെന്നാണറിയുന്നത്. തൃപ്പൂണിത്തറയില്‍ മസ്റ്റിക് ഹെറിറ്റേജ് എന്ന പേരില്‍ ഫ്‌ളാറ്റ് നിര്‍മിക്കുന്നുണ്ടെന്ന് കാണിച്ച് ശ്വാസ്  ബില്‍ഡേഴ്‌സ് തന്നെ സമീപിച്ചു. ഇവിടെ മൂന്ന് കിടപ്പുമുറികളുള്ള ഫ് ളാറ്റ് 23,93,600 രൂപയ്ക്ക് വാങ്ങാന്‍ താന്‍ ശ്വാസ് ബില്‍ഡേഴ്‌സുമായി കരാര്‍ ഒപ്പുവെച്ചുവെന്നും നവ്യ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനായി 9,60,000 രൂപ അഡ്വാന്‍സ് നല്‍കി. എന്നാല്‍ ഇവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മിക്കാന്‍ അനുമതിയില്ലെന്നറിഞ്ഞതോടെ താന്‍ പിന്മാറുകയായിരുന്നെന്നാണ് നവ്യ പറയുന്നത്.