ഭില്‍വാറ: ട്രെയിനിന്റെ മുകളില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ മേല്‍പ്പാലത്തില്‍ തലയിടിച്ച് മരിച്ചു. ഗ്വാളിയാര്‍-ഉദൈപൂര്‍ എക്‌സ്പ്രസിനു മുകളില്‍ കയറി സഞ്ചരിച്ച കമലേഷ്, അനില്‍, ശിവ്പ്രതാപ്, പരമേശ്വര്‍, ഏമേഷ് എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. മരിച്ചവരെല്ലാം 22നും 25നും മധ്യേ പ്രായമുള്ളവരാണ്. നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

ഭില്‍വാരയില്‍ ഒരു പരീക്ഷയില്‍ പങ്കെടുക്കാനായി അജ്മീര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനിന് മുകളില്‍ ഇരുന്ന യാത്ര ചെയ്തവരാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 1.30 ന് അജമീറില്‍ നിന്ന് പുറപ്പെട്ട ട്രെയിനിന്റ കംപാര്‍ട്ട് മെന്റുകളില്‍ അതീവ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ ട്രെയിനിന്റ മുകള്‍ ഭാഗത്ത് കയറി യാത്ര ചെയ്തത്.

ട്രെയില്‍ ഭില്‍വാറ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കുടെ യാത്ര ചെയ്ത മറ്റു വിദ്യാര്‍ഥികള്‍ നല്‍കിയ വിവരം അനുസരിച്ചാണ് അപകടവാര്‍ത്ത പുറത്തറിഞ്ഞത്. തുടര്‍ന്ന് സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മരിച്ചവരെയും പരിക്കേറ്റവരെയും കണ്ടെത്തിയത്. പരിക്കേറ്റ നാല് പേരെയും ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഭില്‍വാര സ്‌റ്റേഷന്‍ സൂപ്രണ്ട് അറിയിച്ചു.