എഡിറ്റര്‍
എഡിറ്റര്‍
ആരോഗ്യത്തിന് ഗുണകരമാകുന്ന അഞ്ച് ചായകള്‍
എഡിറ്റര്‍
Tuesday 28th January 2014 12:11am

health-teas

ചായ കുടിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ പലരും അതിന്റെ ഗുണഗണങ്ങള്‍ മനസിലാക്കാതെയാണ് കുടിക്കാറുള്ളതെന്നതാണ് വാസ്തവം.

ചായ വെറുമൊരു ദായഹശമനിയോ അല്ലെങ്കില്‍ ക്ഷീണമകറ്റാനുള്ള പാനീയമോ അല്ല. അതിലുപരി ഒട്ടേറെ ഗുണഗണങ്ങള്‍ ചായക്കുണ്ട്. അത്തരത്തില്‍ ആരോഗ്യത്തിന് ഗുണകരമാകുന്ന അഞ്ച് തരത്തിലുള്ള ചായകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1) ഗ്രീന്‍ ടീ:

ചായകളില്‍ തന്നെയും മികച്ച ചായയായ ഗ്രീന്‍ ടീ അമിത വണ്ണം കുറക്കാന്‍ ഉത്തമമാണ്.ആവിയില്‍ വേവിച്ച തേയിലകള്‍ കൊണ്ടാണ് ഗ്രീന്‍ ടീ ഉണ്ടാക്കുന്നത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള ഇ.ജി.സി.ജി സ്തനം, വയര്‍, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദങ്ങളെ ഒരു പരിധിവരെ തടയും.

അള്‍സ്‌ഹൈമര്‍ രോഗത്തെയും തടയുന്ന ഗ്രീന്‍ ടീ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെയും അമിത സമ്മര്‍ദ്ദത്തെയും ഇല്ലാതാക്കും.

2)ബ്ലാക്ക് ടീ:

ബ്ലാക്ക് ടീ അഥവാ കട്ടന്‍ ചായ കുടിക്കാത്തവര്‍ വളരെ വിരളമാണ്. തേയില തിളപ്പിച്ചാണ് കട്ടന്‍ ചായ ഉണ്ടാക്കുന്നത്.

കട്ടന്‍ ചായയില്‍ ഉയര്‍ന്ന അളവില്‍ കാഫീന്‍ അടങ്ങിയിട്ടുണ്ട്. പുകവലി മൂലം ശ്വാസകോശത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ തടയാന്‍ കട്ടന്‍ ചായ മികച്ച രീതില്‍ പ്രവര്‍ത്തിക്കും. കൂടാതെ കട്ടന്‍ ചായ ശീലമാക്കിയവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യതയും താരതമ്യേന കുറവാകും.

3) വൈറ്റ് ടീ:

വളരെ ചുരുങ്ങിയ പ്രക്രിയയിലൂടെ ഉണ്ടാക്കുന്ന വൈറ്റ് ടീയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയിരിക്കുണ്ട്.

ഇത് ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുകയും തുടര്‍ച്ചയായുള്ള ഉപയോഗം ക്യാന്‍സര്‍, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാക്കുകയും ചെയ്യും.

4) ഫ്‌ളേവേര്‍ഡ് ടീ:

ബ്ലാക്ക് ടീ, ഗ്രീന്‍ ടീ എന്നിവയില്‍ നിന്ന് വലിയ വ്യത്യാസമൊന്നും ഫ്‌ളേവേര്‍ഡ് ടീക്കില്ല. സാധാരണ ചായ തിളപ്പിക്കുന്നതിനോടൊപ്പം കറുവാപ്പട്ടയോ കര്‍പ്പൂര തൈലമോ ഒക്കെ ചേര്‍ത്താല്‍ ഫ്‌ളേവേര്‍ഡ് ചായയാകും.

ഇതിലെയും ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യത്തിന് ഗുണകരമായി പ്രവര്‍ത്തിക്കും. രക്തത്തില്‍ ഷുഗര്‍ ഉള്ളവര്‍ പരമാവധി ഷുഗര്‍ ഇല്ലാത്ത തരത്തിലുള്ള ചേരുവകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

5) ഹെര്‍ബല്‍ ടീ:

വറുത്ത പഴങ്ങള്‍, പൂക്കങ്ങള്‍, ഔഷധങ്ങള്‍ എന്നിവയുടെ മിശ്രിതമാണ് ഹെര്‍ബല്‍ ടീ. കര്‍പ്പൂരത്തുളസി ചായ, ഒരിനം ജമന്തിപ്പൂ കൊണ്ടുള്ള ചായ എന്നിവയാണ് വിപണിയില്‍ ലഭ്യമാകുന്ന പ്രധാന ഹെര്‍ബല്‍ ചായകള്‍.

ഹെര്‍ബല്‍ ടീ നല്ല ഉറക്കം നല്‍കുന്നതോടൊപ്പം അമിത മാനസിക പിരിമുറുക്കത്തെ കുറക്കുക കൂടി ചെയ്യും.

Advertisement